ഏകീകൃത സിവിൽ കോഡ്, ഇനിയും കാലതാമസം പാടില്ലെന്ന് ഉപരാഷ്‌ട്രപതി

ഗുവാഹത്തി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയമായെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയിൽ രാഷ്‌ട്രശിൽപ്പികൾ സിവിൽ കോഡ് വിഭാവനം ചെയ്തിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ പ്രയത്‌നിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 25-ാമത് കോൺവെക്കേഷനിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും നിയമം നടപ്പിലാക്കാൻ ഇനിയൊരു തടസ്സമോ കാലതാമസമോ ഉണ്ടാകരുത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഉത്തരാഖണ്ഡ് സർക്കാർ തയ്യാറാക്കിയ സിവിൽ കോഡ് കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. എല്ലാവർക്കും ഒരു സിവിൽ നിയമം എന്ന ഏക സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കും എന്നാണ്‌ ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം.

ഉത്തരാഖണ്ഡ് സർക്കാർ തയ്യാറാക്കിയ നിയമത്തിന്റെ ഡ്രാഫ് കേന്ദ്ര ഏകീകൃത സിവിൽ കോടിന്റെ അടിസ്ഥാനമായി മാറും എന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ എന്നിവ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ വലിയ വാഗ്ദാനങ്ങളായിരുന്നു. ഇനി അവശേഷിക്കുന്ന പ്രധാന വാദ്ഗാനം ഏക സിവിൽ കോഡാണ്‌. ഇത് നടപ്പാക്കിയില്ലെങ്കിൽ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വരുമോ എന്നും സൂചകൾ ഉണ്ട്.