പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും, നിർണായക ബിൽ സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

ശ്രീനഗർ: പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഭയിലെ സീറ്റുകളുടെ എണ്ണം 87 ൽ നിന്നും 114 ആയി വർദ്ധിപ്പിച്ചു. ജമ്മുവിൽ നിന്നും 43 ഉം കശ്മീരിൽ നിന്നും 47 ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക. 24 സീറ്റുകൾ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുന്ന ദിനം 24 നിയമസഭ സീറ്റുകൾ കൂടി സഭയിൽ കൂട്ടിച്ചേർക്കപ്പെടും.പുതിയ കശ്മീർ എന്ന പേരിൽ, ജമ്മു കശ്മീർ സംവരണ ബിൽ, ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗദി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കൊണ്ട് നിർണായക പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്.

പാക് അധീന കശ്മീർ നെഹ്റുവിന്റെ ബദ്ധമെന്ന് അമിത് ഷാ വിമർശിച്ചു. ഇതിനെതിരേ കോൺഗ്രസ് രൂക്ഷമായി രംഗത്തെത്തി. കശ്മീരിലെ ജവഹർലാൽ നെഹ്റുവിന്റെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വെല്ലുവിളിച്ചു. കശ്മീരിനെ കേന്ദ്ര സർക്കാർ ഖാപ് പഞ്ചായത്ത് ആക്കിയെന്നും കേന്ദ്രം വാഗ്ധാനം ചെയ്ത തൊഴിൽ പോലും ജമ്മു കശ്മീരിൽ നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മുകശ്മീരിനെ സംബന്ധിച്ച് രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ റിസർവേഷൻ ബിൽ, ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ എന്നിവയാണ് അവതരിപ്പിച്ചത്.

കഴിഞ്ഞ 70 വർഷക്കാലമായി അവകാശം നിഷേധിക്കപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ തിരികെ നൽകുന്നതാണ് ഈ ബില്ല് എന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ നിയമസഭയിൽ എസ്‌സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തുന്നവർക്കും സഭയിൽ സീറ്റ് മാറ്റിവെക്കുമെന്നും ബിൽ അവതരപ്പിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ നിന്ന് പുറത്തുപോയവരെ പ്രതിനിധീകരിക്കുന്നതാണ് ബില്ലുകളിൽ ഒന്ന്. കശ്മീരിൽ നിന്ന് പലായനം ചെയ്ത സമുദായംഗങ്ങളിൽ നിന്നുള്ള സ്ത്രീ അടക്കമുള്ള രണ്ടുപേരെ ജമ്മു കശ്മീർ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെക്കുറിച്ച് വിശദീകരിച്ച അമിത് ഷാ, തുടക്കത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ഇടപെട്ടിരുന്നുവെങ്കിൽ അവർക്ക് കശ്മീർ താഴ്വര വിട്ടു പോകേണ്ടി വരില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കശ്മീരി പണ്ഡിറ്റുകൾ കുടിയിറക്കപ്പെട്ടതോടെ സ്വന്തം രാജ്യത്ത് അഭയാർഥികളായി ജീവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

46,631 കുടുംബങ്ങളാണ് സ്വന്തം രാജ്യത്ത് നിന്ന് കുടിയിറക്കപ്പെട്ടത്. ഈ ബില്ല് അവരുടെ അവകാശങ്ങളെ തിരികെ കൊണ്ടുവരും. ഇതിൽ കൂടി അവർക്കുള്ള പ്രാധിനിധ്യം ഉറപ്പുവരുത്തും – അമിത് ഷാ പറഞ്ഞു.