മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം. മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സ്ത്രീധന വിഷയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ളാറ്റില്‍ ഷഹ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ജോലിക്ക് പ്രവേശിക്കാന്‍ സമയമായിട്ടും കാണാതായതോടെ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഷഹ്നയെ അബോധാവസ്ഥയിലായിരുന്നു കണ്ടെത്തിയത്. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സുഹൃത്തുമായിട്ടുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനം ചോദിക്കുകയായിരുന്നു. 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് ഇവര്‍ ചോദിച്ചത്.