പര്‍ദയ്ക്കും ബിക്കിനിയ്ക്കും ഇടയില്‍ വേറൊരു മാന്യമായ വസ്ത്രവും കാണുന്നില്ല, ജസ്ല മാടശ്ശേരി പറയുന്നു

ബുര്‍ഖ വിഷയം വിവാദമായതോടെ വലിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. രാജ്യത്തും പുറത്തും ഇതേ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇസ്ലാം മതത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമുളളതെന്ന് ജസ്ല ചോദിക്കുന്നു. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമാക്കി അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്, ചോയ്‌സ് അല്ല. സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിനുളളില്‍ ഒരു കാലത്തും സ്ത്രീകള്‍ അല്ല തിരഞ്ഞെടുത്തിരുന്നത്. പര്‍ദ്ദ പോലുളള വേഷങ്ങള്‍ കേരളത്തില്‍ വന്നതിന് പിന്നില്‍ കച്ചവട താല്‍പര്യം മാത്രമാണെന്നും ജസ്ല പറഞ്ഞു.

ജസ്ലയുടെ വാക്കുകള്‍ ഇങ്ങനെ: ” കര്‍ണാടക ഹിജാബ് വിഷയത്തില്‍ ആ കുട്ടികള്‍ക്കൊപ്പം തന്നെ നില്‍ക്കുന്നു. കര്‍ണാടക വിഷയത്തില്‍ എന്തുകൊണ്ട് ഈ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉളളൂ.. ഈ വസ്ത്രം ധരിക്കേണ്ട എന്ന് പറയുന്നിടത്ത് ഒരു നിഷേധമുണ്ട് എന്നതാണത്. അതിലൊക്കെ ഭരണഘടന തരുന്ന അവകാശമൊന്നും മറ്റാരും എടുക്കേണ്ടതില്ല. പര്‍ദയും ഹിജാബും ശരീരം മറയ്ക്കാന്‍ വേണ്ടിയുളള തങ്ങളുടെ ചോയ്സ് ആണെന്ന് ചിലര്‍ പറയുന്നുണ്ട്.

അങ്ങനെ പറയുന്നവരോട് ചോദിക്കാനുളളത് ഇസ്ലാം മതത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമുളളത് എന്നാണ്. ഹിജാബ് ചോയ്സ് ആകുന്നത് മതത്തില്‍ വിശ്വസിക്കാതെ നടക്കുന്ന തനിക്കോ മറ്റ് മതസ്ഥര്‍ക്കോ ആണ്. ഇസ്ലാം മതത്തിന് ഉളളില്‍ നില്‍ക്കുന്ന എത്ര പേര്‍ക്കാണ് ഇത് ചോയ്സ് ആയിട്ടുളളത്. നിര്‍ബന്ധമാക്കി അടിച്ചേല്‍പ്പിക്കപ്പെട്ട സാധനം മാത്രമാണ് ഇത്. ചോയ്സ് ആണെങ്കില്‍ അത് ഊരി വെക്കാനുളള സ്വാതന്ത്ര്യം കൂടി വേണം. അതില്ല. പര്‍ദ്ദയൊക്കെ ഇവിടെ വന്നിട്ടുളളത് കച്ചവട അടിസ്ഥാനത്തിലാണ്. തന്റെ ഉമ്മൂമ്മയൊന്നും പര്‍ദ്ദ ഇടുന്നത് താന്‍ കണ്ടിട്ടില്ല. പത്തിരുപത് വര്‍ഷം മുന്‍പ് കേരളത്തില്‍ എവിടെയാണ് പര്‍ദ്ദ ഉണ്ടായിരുന്നത്. ഇതൊക്കെ പക്കാ ബിസിനസ് അടിസ്ഥാനത്തില്‍ കേരളത്തില്‍ വന്നിട്ടുളള വസ്ത്രങ്ങള്‍ ആണ്.

മതം കുത്തിവെക്കുന്നതിന്റെ ഭാഗമായും കുട്ടികള്‍ മതത്തില്‍ നിന്ന് മാറിപ്പോകുന്നോ എന്നുളള ഭയത്തിന്റെയും വലിയൊരു കച്ചവട തന്ത്രത്തിന്റെയും ഭാഗമായിട്ടാണ് ഇവിടെ പര്‍ദ്ദയൊക്കെ വന്നത്. കുറച്ച് മുന്‍പുളള ഫോട്ടോസൊക്കെ എടുത്ത് നോക്കിയാല്‍ തന്നെ മനസ്സിലാകും, ഇവിടെ എത്ര മുസ്ലീം സത്രീകള്‍ തല മറച്ചിരുന്നു എന്ന്. സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിനുളളില്‍ ഒരു കാലത്തും സ്ത്രീകള്‍ അല്ല തിരഞ്ഞെടുത്തിരുന്നത്.

ഇസ്ലാം മത പ്രകാരം ഒരു സ്ത്രീ അന്യപുരുഷന് മുന്നില്‍ നേര്‍ക്ക് നേര്‍ന്ന് ഇരുന്ന് മുഖം കാണിക്കുന്നത് നിഷിദ്ധമാണ്. അതിനാണ് ഷട്ടര്‍ അങ്ങ് ഇട്ടിരിക്കുന്നത്. പക്ഷേ അതിന്റെ ചരിത്രം പരിശോധിക്കുകയാണ് എങ്കില്‍, അറബി നാടുകളില്‍ മണലാരണ്യങ്ങളിലൊക്കെ ജീവിച്ചിരുന്ന ആളുകള്‍ പൊടിക്കാറ്റ് അടിക്കുമ്‌ബോള്‍ മുഖം മൂടിയിരുന്നു. അത് ഇസ്ലാമിന്റെ വസ്ത്രധാരണ രീതിയാണ് എന്ന് പറഞ്ഞ് ഇവിടേക്ക് കൊണ്ട് വന്ന് നടപ്പിലാക്കിയിരിക്കുകയാണ്. എല്ലാം എടുത്ത് നോക്കിയാല്‍ തമാശയാണ്. അത് ഇസ്ലാം മതത്തിന്റെ മാത്രം കാര്യമല്ല, എല്ലാ മതങ്ങളും ഇങ്ങനൊക്കെ തന്നയാണ്. എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതമാണ്. പുരുഷന്മാര്‍ ഉണ്ടാക്കിയിട്ടുളളതാണ്. പുരുഷന്മാര്‍ക്ക് വേണ്ടിയുളളതാണ്. അതില്‍ സ്ത്രീകള്‍ക്ക് ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. അവള്‍ ഇങ്ങനൊക്കെ നടന്നാല്‍ മതിയൊന്നും ഇതൊക്കെയാണ് അവളുടെ നഗ്‌നത എന്നും തീരുമാനിച്ചിരിക്കുകയാണ്.

സ്ത്രീകളുടെ വസ്ത്രത്തിന്റെ നീട്ടലും കുറയ്ക്കലും ഒക്കെ ആരാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ വസ്ത്രത്തിന്റെ അളവ് എത്ര വേണമെന്ന് ആരാണ് നിശ്ചയിച്ചിരിക്കുന്നത്. താന്‍ പല മതപ്രഭാഷകരുമായി പലവട്ടം സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തനിക്ക് ഇസ്ലാം മതത്തില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്നോട് ചോദിച്ചത് നീയൊക്കെ ബിക്കിനി ഇടാന്‍ വേണ്ടിയിട്ടല്ലേ മതത്തില്‍ നിന്ന് പുറത്ത് പോയത് എന്നാണ്. പര്‍ദയ്ക്കും ബിക്കിനിയ്ക്കും ഇടയില്‍ വേറൊരു മാന്യമായ വസ്ത്രവും ഇവര്‍ കാണുന്നില്ല”.