പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുള്ള സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ക്ഷണിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗികാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിധ്യമെന്ന് വിലയിരുത്തേണ്ടതില്ലെന്നും ജോസ് കെ മാണി.

ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷന്മാര്‍ അതില്‍ പങ്കെടുക്കുന്നതും പുതിയ കീഴ്വഴക്കമല്ല. മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സമൂഹം പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ അതിക്രമം നടക്കുന്നുണ്ട്.

കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തില്‍ സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഷപ്പുമാര്‍ക്കെതിരെയുള്ള പരാമര്‍ശം വലിയ തോതില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ മന്ത്രി സജി ചെറിയാന്‍ പരാമര്‍ശം പിന്‍വലിച്ചിരുന്നു.