സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നു, പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പ്രസ്താവന തെറ്റായി എന്നുതന്നെ പറയുന്നു. ഇപ്പോൾ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സജി ചെറിയാനെതിരെ രം​ഗത്തു വന്നിരിക്കുന്നു. സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നു. രാഷ്ട്രീയമായി വിയോജിപ്പാകാം. വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല. കേന്ദ്ര സർക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‌

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇലക്ഷൻ സ്റ്റണ്ടാണ് നടക്കുന്നത്. ആരാധനയും വിശ്വാസപരവുമായ കാര്യങ്ങളെയും എല്ലാവരും ബഹുമാനിക്കുന്നു. അതിനെ ഇലക്ഷൻ സ്റ്റണ്ട് ആക്കി മാറ്റുന്നതിനെയാണ് മതേതര കക്ഷികൾ എതിർക്കുന്നത്. അയോധ്യ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന അഭിപ്രായം ഈ ഘട്ടത്തിൽ നടത്താനുദ്ദേശിയ്ക്കുന്നില്ല. ഓരോ രാഷ്ട്രീയപാർട്ടികളുടെയും പ്രതികരണത്തിന് ഓരോ രീതികൾ ഉണ്ടാവും. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനോട് ആരും യോജിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്.