അമ്മ ക്ലബ് എങ്കില്‍ തുടരാന്‍ താത്പര്യമില്ല, അംഗത്വ ഫീസ് തിരികെ നല്‍കണം, കത്തയച്ച് ജോയ് മാത്യു

താരസംഘടനയായ അമ്മ ഒരു ക്ലബ് ആണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞതിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ക്ലബ് ആയ അമ്മയില്‍ തനിക്ക് അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് ജോയ് മാത്യും കത്തെഴുതി. സന്നദ്ധ സംഘടനയായത് കൊണ്ടാണ് ഒരു ലക്ഷം രൂപ മുടക്കി അംഗത്വം എടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആമെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരികെ തരണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല ‘അമ്മ’. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്‌പ്പെടണം. വിരുദ്ധ അഭിപ്രായങ്ങളും കുറവാണ്.ജോയ് മാത്യു പറയുന്നു.

ക്ലബ് ആണെന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്?. വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ലെന്നും ജോയ് മാത്യു പറഞ്ഞു.