കോവിഡ് വാക്സീൻ; കാലാവധി പിന്നിട്ട് 100 കോടി ഡോസ് പാഴാകും

3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്സീൻ കാലാവധി പിന്നിട്ടു പാഴാകുമെന്നാണു ലഭിക്കുന്ന വിവരം. കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിലായതു മൂലമാണ് വാക്സീൻ പാഴാകുമോയെന്ന് ആശങ്ക നിലനിൽക്കുന്നത്.

വാക്സീൻ കാലാവധി തീരുന്നതു ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനു കത്തെഴുതിയിരുന്നു. കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും 11.81 കോടി ഡോസ് ബാക്കിയാണ്. കഴിഞ്ഞ ഡിസംബറിൽ ഉൽപാദനം നിർത്തിയ സീറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ കയ്യിൽ 20–25 കോടി ഡോസ് സ്റ്റോക്കുണ്ടെന്നാണു വ്യക്തമാക്കിയിരുന്നത്.

സെപ്റ്റംബറോടെ ഇതിൽ 20 കോടി ഡോസെങ്കിലും കാലാവധി കഴിയുന്നതോടെ ഇവ നശിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി സൂചിപ്പിച്ചിട്ടുള്ളത്. നിലവിൽ പ്രതിദിനം 12 ലക്ഷത്തിനു മുകളിൽ കുത്തിവയ്പു നടക്കുന്നുണ്ട്. ഇതിൽ മൂന്നാം ഡോസ് കുത്തിവയ്പെടുക്കുന്നവരുടെ എണ്ണം 3–4 ലക്ഷം വരെയാണ്.