ഒബിസി വിഭാഗത്തില്‍ നിന്നും രാജ്യത്തിന് ആദ്യമായി പ്രധാനമന്ത്രിയെ നല്‍കിയത് ബിജെപിയെന്ന് ജെപി നഡ്ഡ

ന്യൂഡല്‍ഹി. വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ ഒബിസി സംഭരണത്തിനായി വാദിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന സമയത്ത് ഒബിസി വിഭാഗത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. ഒബിസി വിഭാഗത്തില്‍ നിന്നും രാജ്യത്തിന് ആദ്യമായി പ്രധാനമന്ത്രിയെ നല്‍കിയത് ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ബിജെപി എംപിമാരില്‍ 85 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുമാണ്. എംഎല്‍എമാരില്‍ 27 ശതമാനവും എംഎല്‍സിമാരില്‍ 40 ശതമാനവും ഒബിസി വിഭാഗത്തില്‍ നിന്നുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗബലത്തേക്കാള്‍ കൂടുതല്‍ ഒബിസി എംപിമാര്‍ ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.