അസംബ്ലിയില്‍ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടത്, പിവി അന്‍വറിനെ കൊണ്ട് പിണറായി ജനങ്ങളോട് മാപ്പുപറയിക്കണം; കെ മുരളീധരന്‍

തിരുവനന്തപുരം:  ബിസിനസ് ആവശ്യാര്‍ഥം വിദേശയാത്രക്ക് പോയ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി രംഗത്ത്. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് വരരുതെന്ന് പറഞ്ഞ മുരളീധരന്‍ സ്വന്തം ബിസിനസും വേണം, എം എല്‍ എയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം… എന്ന് ചിന്തിക്കുന്നവര്‍ എല്ലാം കൂടി ഒന്നിച്ച്‌ നടക്കില്ലെന്ന് തിരിച്ചറിയണമെന്നും പറയുകയുണ്ടായി.

ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്‍വര്‍ ഏറ്റെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു. സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അന്‍വര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അന്‍വറിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളില്‍ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം. നിലമ്ബൂരില്‍ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകനോടുള്ള മോശം പരാമര്‍ശത്തില്‍ അന്‍വര്‍ മാപ്പുപറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.