തിരഞ്ഞെടുപ്പിൽ ഇത്തവണയും ടി. പി വധം ചർച്ചയാകും, കൊല നടത്തിയ പാർട്ടിയാണ് മത്സരിക്കുന്നത് , കെ മുരളീധരൻ

കോഴിക്കോട്: ലേക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും ടി.പി വധം ചർച്ചയാകുമെന്ന് കോൺ​ഗ്രസ് നേതാവും വടകര എംപിയുമായ കെ. മുരളീധരൻ.ടി.പിയെ അർധരാത്രിയിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികളിൽ പലർക്കും ടി.പിയെ അറിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോൾ കൊല നടത്തിയ പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വയനാട്ടില്‍ രാഹുലിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. അദ്ദേഹം തന്നെ മത്സരിക്കുമെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അദ്ദേഹത്തിന് എന്തെങ്കിലും താത്പര്യക്കുറവുണ്ടെങ്കിലും ഞങ്ങളോടാണല്ലോ പറയുക. ഇതുവരെ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല. 2004-ലാണ് ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ എം.പിമാരുണ്ടായിരുന്നത്. അന്ന് ആണവക്കരാറിന്റെ പേരിൽ ബി.ജെ.പിയുടെ ഒപ്പം ചേർന്ന് അവർ മൻമോഹൻ സിങ് സർക്കാറിനെ താഴെയിറക്കാൻ ശ്രമിച്ചതെന്നും മുരളീധരൻ പറഞ്ഞു.

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അന്തിമമാണ്. ചിലര്‍ക്കതില്‍ ഇഷ്ടക്കേടുണ്ടാകാം. പക്ഷേ, പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയതാണ്. മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണ്‌. അവകാശപ്പെട്ടതേ അവര്‍ ചോദിക്കാറുള്ളൂ. അഞ്ച് വര്‍ഷമായിട്ട് താന്‍ ഈ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതായിട്ട് വരുന്നവര്‍ക്കാണ് സമയം ആവശ്യം. പ്രചരണം ആരംഭിക്കാനുള്ള സമയം വൈകിയിട്ടില്ല.

എളമരം കരീമിനേയും കെ.കെ ശൈലജയേയും ഉന്നംവച്ചുകൊണ്ട് മുരളീധരൻ സംസാരിച്ചു. സാധാരണ ടീച്ചര്‍മാര്‍ കുട്ടികളോട് പറയും കോപ്പിയടിക്കരുത് എന്ന്. ഞാന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയിരുന്നപ്പോഴാണ് വടകര മത്സരിക്കാനെത്തുന്നത്. തുടര്‍ന്ന്, തിരുവനന്തപുരത്ത് നിന്നും ട്രെയിനിനാണ് ഇവിടെ വന്ന് ഇറങ്ങുന്നത്. ഇത് കോഴിക്കോടും വടകരയിലുമൊക്കെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ഫറോക്കില്‍ നിന്നും ട്രെയിന്‍ കയറി കോഴിക്കോട് വന്ന് ഇറങ്ങി.