മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി -കെ. മുരളീധരന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണന്‍ കോളജ് വിവാദമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മരംമുറി കേസില്‍ ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ കൊടകര കുഴല്‍പ്പണ കേസില്‍ വിട്ടുവീഴ്ച ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തുകയും ചെയ്തിട്ടുണ്ട്. മുമ്ബ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ അവസ്ഥയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കോളജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴത്തെ സമൂഹത്തിന് താല്‍പര്യമില്ല. ഇങ്ങോട്ട് വാചകകസര്‍ത്തുമായി വന്നാല്‍ അതേ രീതിയില്‍ മറുപടി നല്‍കും. എന്നാല്‍, കയ്യാങ്കളി കോണ്‍ഗ്രസിന്‍റെ ശൈലിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.