മെട്രോമാന്റെ രാഷ്ട്രീയം എന്താകും, കെ വി തോമസുമായി ഇ ശ്രീധരൻ ചർച്ച

കെ റെയിൽ യാഥാർഥ്യമാക്കാൻ വീണ്ടും നീക്കങ്ങൾ. പിണറായി വിജയൻ തോറ്റിടത്ത് ഇപ്പോൾ കെ വി തോമസ് ആണ്‌ പുതിയ നീക്കങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. മെട്രോമാനുമായി കൂടിക്കാഴ്ച നടത്തുകയാണ് കെ വി തോമസ്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന മെട്രോമാന്റെ രാഷ്ട്രീയം എന്താകും? എന്ന കാര്യത്തിലും ഇതോടെ ഒരു തീരുമാനമാകും. മുൻ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് സി.പി.എം പക്ഷത്തേക്ക് ചേരുകയും തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി യും ആയി ചുമതലയിലും ഉള്ള ആളാണ്‌ കെ വി തോമസ്. കെ റെയിലിനെതിരായ ജനവികാരത്തിൽ ആദ്യ ഘട്ടത്തിൽ ഇതേ കെ വി തോമസും ഉണ്ടായിരുന്നു. പാർട്ടി മാറിയപ്പോൾ ഇപ്പോൾ നിലപാടും മാറ്റി

കെ റെയിൽ നടപ്പാക്കാനുള്ള നീക്കങ്ങൾക്കും തടസങ്ങൾ മാറ്റാനും ബിജെപിയിലെക്ക് വന്ന മെട്രോ മാൻ ഇ.ശ്രീധരനെ രംഗത്തിറക്കി കരു നീക്കാനാണ്‌ കെ വി തോമസിന്റെ നീക്കം. എന്നാൽ സംസ്ഥാന ബിജെപിക്ക് ഇതുമായി വിവരങ്ങൾ ഒന്നും ഇല്ല. മെട്രോ മാൻ ശ്രീധരൻ വ്യക്തിപരമായി നടത്തുന്ന ചർച്ചായാണ്‌ ഇത് എന്നും അറിയുന്നു.ഇ ശ്രീധരനെ അദ്ദേഹത്തിന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയാണ്‌ കെ വി തോമസ് ചർച്ച നടത്തുക.കെ. റെയിൽ ഉപേക്ഷിച്ച പദ്ധതിയല്ല എന്നും ഇപ്പോഴും സജീവ പരിഗണയിൽ ഉള്ളതാണ്‌ എന്നും കെ വി തോമസ് പറയുന്നു.വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയിൽവേ വേണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കെ.വി തോമസ് പറഞ്ഞു. അതിനാൽ കെ. റെയിലിനെതിരായ ഇ ശ്രീധരന്റെ മുൻ നിലപാട് ഇപ്പോൾ പ്രസക്തമല്ല എന്നും കെ വി തോമസ് പറഞ്ഞു.

ഇ ശ്രീധരന്റെ പച്ചക്കൊടി കിട്ടിയാൽ കെ റെയിൽ നടപ്പാക്കാൻ ആകും എന്നും കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു. കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി റെയിൽ, സംസ്ഥാനത്തെ റെയിൽ പാതകളുടെ വളവു നികത്തൽ, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകൽ എന്നിവയെല്ലാം ചർച്ച ചെയ്യുമെന്ന് കെ.വി. തോമസ് പറഞ്ഞു.

മുമ്പ് കെ.റെയിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഇ. ശ്രീധരൻ. ബി.ജെ.പി നേതാക്കൾക്കൊപ്പം ഇദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടെ പദ്ധതിയിലുള്ള എതിർപ്പ് അറിയിച്ചിരുന്നു. പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

മെട്രോ മാൻ ഇ. ശ്രീധരന്റെ മനം മാറ്റവും കെ വി തോമസുമായുള്ള കൂടികാഴ്ച്ചയും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി. ബിജെപി എതിർക്കുന്ന പദ്ധതിക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രീധരൻ നടത്തുമ്പോൾ രാഷ്ട്രീയ മാറ്റം ആണോ എന്നും സംശയിക്കുന്നു. മെട്രോ മാൻ ശ്രീധരന്റെ നിലപാടിൽ മാറ്റമോ അല്ലെങ്കിൽ തിരുത്തലുകളോ എന്നും ചോദ്യം ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മെട്രോ മാൻ ശ്രീധരൻ ബിജെപി വേദികളിൽ സജീവമായിരുന്നില്ല. ഏറെകാലമായി രാഷ്ട്രീയവും വിട്ട് നില്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്‌ കെ റെയിലും ഇ ശ്രീധരന്റെ രാഷ്ട്രീയ നിലപാടുകളും.

കെ റെയിൽ എന്ന ഇടതു സർക്കാറിന്റെ സ്വപ്ന പദ്ധതി ഇതോടെ വീണ്ടും ജനങ്ങളിൽ ആശങ്ക ഉയർത്തും. ജനരോക്ഷം മൂലം ഒരിക്കൽ ഉപേക്ഷിച്ച പദ്ധതി സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുമ്പോൾ സമരം നറ്റത്തിയവർ വീണ്ടും സജീവമാകാനും സാധ്യതയുണ്ട്. പ്രതിപക്ഷ പാർട്ടികളിൽനിന്നും പദ്ധതി ബാധിത പ്രദേശങ്ങളിലെ നാട്ടുകാരിൽനിന്നും വ്യാപക എതിർപ്പുകൾ ഇതിനെതിരെ ഉയർന്നിട്ടുണ്ട്. കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ റെയിൽ 63,940.67 കോടി മുതൽ മുടക്കിലാണ് നിർമിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന കണക്ക്.

530 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാൻറേർഡ് ഗേജ് ലൈൻ നിർമിച്ച് സംസ്ഥാനത്തിന്റെ വടക്കും തെക്കും അറ്റങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. അതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുങ്ങും എന്നും പറയുന്നു. എന്നാൽ പദ്ധതി തീരുമ്പോൾ 2 ലക്ഷം രൂപ സംസ്ഥാനത്തിനു കട ബാധ്യത ഉണ്ടാകും എന്നാണ്‌ മുഖ്യ വിമർശനം. കേരളത്തിൽ പ്രളയ സാധ്യത കൂടും. പലയിടത്തും കൂറ്റൻ മതിലുകൾക്കും പാളങ്ങൾക്കും ഇടയിൽ കേരളം 2 ആയി വിഭജിക്കും എന്നും വിമർശനം ഉയരുന്നു