ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് കേരളീയം പരിപാടിയുടെ കരാറുകള്‍ നല്‍കിയതിൽ കോടികളുടെ തിരിമറി, ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം.ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് കേരളീയം പരിപാടിയുടെ കരാറുകള്‍ നല്‍കിയതിലും കോടികളുടെ തിരിമറി നടന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിൽ നില്ക്കുമ്പോൾ 27 കോടിയുടെ നികുതിപ്പണം ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവന്‍ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡല്‍ ഫ്ളക്സ് . മീഡിയ പ്രവര്‍ത്തനത്തിനു മാത്രം നാലുകോടി. എല്ലാവര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് പറയുന്നത് പാര്‍ട്ടിക്കാര്‍ക്ക് കൈയിട്ടുവാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണെന്ന് സുധാകരൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി ഭരണസ്തംഭനത്തിലേക്ക് നീങ്ങിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ദൈനംദിന ചെലവുകളുടെ ബില്ലുകളുടെ പരിധി 5 ലക്ഷമാക്കിയിട്ടാണ് മികവിന്റെ സംസ്ഥാനമെന്ന് കേരളത്തെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണ്. പിണറായി സര്‍ക്കാരിന്റെ ആകെയുള്ള ഭരണനേട്ടം കോടികളുടെ കടമെടുത്ത് ധൂര്‍ത്ത് നടത്തി ഒടുവില്‍ മൊട്ടുസൂചി പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചതാണെന്ന് സുധാകരൻ പരിഹസിച്ചു.

കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യമായി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഈ പദ്ധതിയില്‍ ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍ അന്വേഷണവും നടത്തിച്ച മഹാനാണ് ഇപ്പോള്‍ ഈ പദ്ധതി തന്റേതാക്കി അവതരിപ്പിച്ചതെന്നും സുധാകരൻ.