സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ ആശ്രയം വീട്ടുകാരാണ്.. അത് കിട്ടാതെ ഇരിക്കും എന്ന ഭയമാണ് സ്ത്രീകള്‍ക്ക്

ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉയരും. പ്രത്യേകിച്ച് ഇവരെ കുറിച്ച് പുരുഷന്റെ കാഴ്ചപാട് വ്യത്യസ്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വിളക്കും വെട്ടവുമായി ഭൂതകാലം മുഴുവന്‍ തിരിഞ്ഞു കുത്തിക്കുറിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഞാന്‍ രക്ഷപ്പെടണം, കൂടെ എന്നെ മാതിരി മറ്റൊരുവളുമാരും. ആണിന് സങ്കടം വന്നാല്‍ ഒഴിച്ച് വിടാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. അവനു ഏത് അസമയത്തും ഇറങ്ങി പുറത്ത് പോകാം. വിശാലമായ കടപ്പുറത്തു വേണേല്‍ കിടന്നുറങ്ങാം. കൂട്ടുകാരടൊത്ത് ബാറില്‍ കയറി രണ്ടടിക്കാം. അങ്ങനെ എന്തൊക്കെയോ പ്രതിവിധികള്‍.

ശരാശരി മലയാളി സ്ത്രീയുടെ അവസ്ഥ അതല്ല. അവള്‍ക്കുള്ള പ്രതിവിധി മുറിയില്‍ അടച്ചു കിടന്നു കരയുക, തുടര്‍ന്ന് ഉണ്ടാകുന്ന തലവേദനയ്ക്ക് പരിഹാരം കാണുക ഇങ്ങനെ പോകുന്നു. വിവാഹം കഴിക്കാത്ത സ്ത്രീ, വിധവകളായ സ്ത്രീ, വിവാഹമോചിതരായ സ്ത്രീ ഇവരൊക്കെ ഫ്രസ്ട്രേഷന്റെ അങ്ങേ അറ്റത്ത് ജീവിക്കുന്നവരാണ് എന്നൊരു പുരുഷശബ്ദം ഈ അടുത്ത് കേള്‍ക്കുക ഉണ്ടായി. ഫ്രസ്ട്രേഷന്‍ [frustration] എപ്പോള്‍ ഉണ്ടാകുന്നു എന്ന് നോക്കാം.

ഒരു സ്ത്രീ, ഭര്‍ത്താവുമായി ബന്ധം വേണ്ട എന്ന് തീരുമാനിച്ചാല്‍ പിന്നെ അവള്‍ക്കു ആശ്രയം സ്വന്തം വീട്ടുകാരാണ്.. അങ്ങനെ ഒന്ന് കിട്ടാതെ ഇരിക്കും എന്നത് ഭയന്നാണ് മിക്ക സ്ത്രീകളും ദാമ്ബത്യത്തില്‍ കടിച്ചു തൂങ്ങികിടക്കുന്നത്. ശരി, അങ്ങനെ അല്ലാതെ, വീട്ടുകാര്‍ ഏറ്റെടുക്കുന്നു എന്ന് വയ്ക്കുക. തിരിച്ചു അവള്‍ എത്തുമ്‌ബോള്‍, അവളുടെ മാനസികാവസ്ഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിവാഹിതയായിരുന്നപ്പോള്‍ ഉണ്ടായിരുന്നത് അല്ല. എത്ര കാലം കഴിഞ്ഞാണോ ദാമ്ബത്യം വിട്ടിറങ്ങുന്നത് അത്രയും വര്‍ഷത്തെ നോവും വേവും തീവ്രമാകും.

ഉണ്ടാകുന്ന മുറിവുകളെ അവള്‍ ഓമനിക്കാന്‍ ശീലിച്ചു തുടങ്ങിയ ഇടത്തു നിന്നുമാണ് ഇറങ്ങുന്നത്.. ഒരിക്കല്‍ എപ്പോഴോ സ്‌നേഹിക്കപ്പെട്ടിരുന്നു എന്നത് ഒരു പിടിവള്ളി പോലെ അവള്‍ ഓര്‍ത്തു കൊണ്ടിരിക്കും. ഒരു അദ്ധ്യായത്തിന്റെ അവസാനമാണ് എന്ന് ഹൃദയം ഉള്‍ക്കൊണ്ട് വരുക എളുപ്പമല്ല.. രക്ഷപെട്ടെന്നു കരുതിയാല്‍ മതി.. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുക. വേഗം ആകട്ടെ… അക്ഷമയോടെ ന്യായീകരണങ്ങള്‍ സ്വീകരിക്കാനുള്ള മനക്കട്ടി അവളില്‍ ഉണ്ടായിട്ടില്ല എന്നറിയാതെ, തിടുക്കം കാട്ടുക ആണ്.

മുന്നറിയിപ്പ് എന്നൊരു സിനിമ ഉണ്ടായിട്ടില്ലേ? മമ്മൂട്ടിയുടെ കഥാപാത്രത്തെ ജയിലില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് വന്നിട്ട് , മറ്റൊരു മുറിയില്‍ കൊണ്ടിടുക ആണ്. കുറെ പേപ്പറുകള്‍ മുന്നിലേയ്ക്ക് വച്ചിട്ടുണ്ട്. എഴുതുക. ഇത്ര ദിവസത്തിനകം എഴുതുക.. എഴുതി തീര്‍ത്താല്‍ പിന്നെ ആരാ? മഹാസംഭവമല്ലേ ? മനസ്സ് കൊണ്ട് എഴുതണം. കെട്ടിയിട്ട മനസ്സില്‍ എങ്ങനെ എഴുത്ത് വരും ? അതേ അവസ്ഥയാകും, വിവാഹ മോചനത്തിന് ഒരുങ്ങുന്ന ഒരുവളുടേത്..

സ്വാതന്ത്ര്യം എന്നത് ഓരോ തരത്തില്‍ ആണല്ലോ ഓരോ വ്യക്തികളും ആഗ്രഹിക്കുന്നത് ..സമൂഹത്തിന്റെ വായില്‍ നിന്നും ഉതിരുന്ന ക്രൂരമായ സാമര്‍ഥ്യം കേട്ട് തുടങ്ങുന്നത് അപ്പോഴാണ് .. അത് കേള്‍ക്കാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം , അതാണ് ആദ്യം വേണ്ടത് ..

അടിമത്തഭീതി എന്നൊന്ന് കൂടി കൂടി വരും .. പുരുഷനാല്‍ കീറി മുറിക്കപെട്ട നേരിയ ചര്‍മ്മത്തിന്റെ അഭാവം അവളെ ഇത്രയും വലിയ ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ കഴിയും എന്നത് ഒരു ഞെട്ടലാണ് .. പഴയ പോലെ അല്ല , ഇത്രയും വര്‍ഷം ഒരു ആണിന്റെ കൂടെ പൊറുത്തവളാണ്. അഭാവം ഉണ്ടാക്കുന്ന ഫ്രസ്ട്രേഷന്‍സ്[ frustrations ] സദാചാര കാവല്‍ക്കാര്‍ നിരീക്ഷിക്കും. കന്യക അല്ല എന്നത് ഇത്രയും വലിയ ഭാരവും പരതന്ത്ര്യമായും അന്നേരം ആണ് അറിയുക. സ്വന്തം ജീവിതം, സ്വന്തം അല്ലാത്ത അവസ്ഥ.

കോടതിയിലെ കേസ് മുറിയിലെ പേപ്പറുകളില്‍ എഴുതി ചേര്‍ക്കുന്ന വൈകല്യങ്ങള്‍ പരസ്പരം ജയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രമാണ്. അവിടെ മനഃസാക്ഷി എന്നതിന്റെ അര്‍ത്ഥം മാറും .. തിരിച്ചറിഞ്ഞു തുടങ്ങും. നീതിയാല്‍ തിരസ്‌കൃത ആണെന്ന വലിയ സത്യം ..! ഒരിക്കല്‍ ഞാന്‍ കടന്നുപോയ വഴികള്‍ ആണീ കുറിച്ച് കൊണ്ടിരിക്കുന്നത് എന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. വികാരങ്ങള്‍ പങ്കു വയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ആകാശം തീറു കൊടുക്കണം.

കുറ്റപ്പെടുത്തലുകളും ശകാരങ്ങളും അര്‍ഹിക്കുന്നതാണ് എങ്കില്‍ കൂടി കേട്ടാല്‍, മറുപടി പറയാന്‍ നാവിന്റെ കെട്ടഴിയാന്‍ പാടില്ല. ബന്ധിച്ചിരുന്ന സ്‌നേഹത്തിന്റെ കണ്ണികള്‍ ഒന്നും കാണാനില്ല.. അഭിമാനത്തിന് ഏല്‍ക്കുന്ന മുറിവുകളുടെ എണ്ണം കൂടി കൂടി വരും.. ശിക്ഷിക്കാന്‍ അധികാരം ഉള്ള ആളുകള്‍ ഇടിച്ചു കേറും .. ഒട്ടും പരിചിതമല്ലാത്ത വഴി .. ഇവിടെ എത്തിയത് എവിടെ നിന്നാണോ , അതിലും രൂക്ഷമായ സംഘര്‍ഷം..

സമൂഹത്തിന്റെ ഞരമ്ബുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്ത്രീയെ കുറിച്ചുള്ള ചില വിശ്വാസങ്ങളും ഉടമ്ബടികളും ഉണ്ട് .. ചിലവില്‍ ജീവിക്കുക .. ആദ്യകാലങ്ങളില്‍ അച്ഛന്റെ.. പിന്നെ ഭര്‍ത്താവിന്റെ.. അവിടെ നിന്നിറിങ്ങിയ സ്ത്രീ, പിന്നെ കേസ് കൊടുത്തു പഴയ ഭര്‍ത്താവിന്റെ പക്കല്‍ നിന്നും ഇരന്നു വാങ്ങണം. അതാണ് നാട്ടുനടപ്പ്.. പരസ്പരം ആരും അല്ലാത്തവരായി തീരേണ്ടവരെ പിന്നെയും കെട്ടി ഇടുക അല്ലെ ?

ഭാര്യ ആയിരുന്നു എന്നതിന്റെ അവകാശം ആണോ എന്നൊക്കെ കീറി മുറിച്ചു നോക്കാന്‍ പോലും അശക്തയായിരുന്നു.. പേടിക്കണം , ഭേദിക്കണം ഈ പദ്മവ്യൂഹത്തെ .. എല്ലാ മനസ്സുകളിലും ഉണ്ടായിരുന്ന സ്ഥാനം ഒഴിയും .. പക്ഷെ , അവനവനോട് തന്നെ സത്യസന്ധത പുലര്‍ത്താന്‍ ആകും .. എങ്ങനെ എങ്കിലും കരപറ്റാനുള്ള വ്യഗ്രത തീക്ഷ്ണമാകും.. ഒറ്റ ആയി നില്‍കുമ്‌ബോള്‍. അത് വരെ ഉണ്ടായിരുന്ന അശാന്തിയും , അനിശ്ചിതത്വവും ,ആധിയും , അരക്ഷിതാവാവസ്ഥയും ദൂരെ പോകും.

തലചായ്ക്കാന്‍ ഒരിടവും , കയ്യിലൊരു പേഴ്‌സും , അതില്‍ ഇമ്മിണി റുപ്പികയും ഉണ്ടേല്‍ എന്നിലെ പെണ്ണിന് സംഗതി ഉഷാറാണ്.. സ്വയം പറഞ്ഞു കൊണ്ട് ഇറങ്ങുക ആയിരുന്നു .. നോക്കാതെ ഒപ്പിട്ട കോടതി കടലാസ്സില്‍ എഴുതിയതും , ജീവിതത്തിലെ കിട്ടലും താരതമ്യപ്പെടുത്തിയാല്‍ ചിലപ്പോള്‍ , യമലോകം ചിരിച്ചു കൊണ്ട് വിരട്ടാനും വിരുത് വേണം എന്ന് തോന്നും..മുന്നോട്ടു പോകണം. ധൈര്യം മാത്രം മതി ..

ഫ്രസ്ട്രേഷന്‍ എന്നാല്‍, അവനവനു ഇല്ലാത്ത ഒന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ കാണുമ്‌ബോള്‍ ഉള്ള ഒരിത് അല്ലെ ? ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ , ദാ ഈ നിമിഷം പോലും ഭൂതകാലമല്ലേ ? ഒറ്റയ്ക്കു ഒരു സ്ത്രീ ,എന്നാലത് സാമൂഹിക വ്യവസ്ഥിതിയെ തകിടം മറിക്കുന്ന വിപ്ലവം ഒന്നുമല്ല .. മരിച്ചു ജീവിക്കുന്ന എത്രയോ സ്ത്രീകള്‍ വിവാഹക്കുരുക്കില്‍ ഉണ്ട് .. അവര്‍ക്കു ഇല്ലാത്ത കിരുകിരുപ്പ് , സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരുവള്‍ക്കു ഉണ്ടാകില്ല. ഒറ്റയ്ക്ക് ഒരു ‘അമ്മ , കൂടെ മകളെന്ന പെണ്‍കുട്ടിയും .. അതൊരു സുഖമല്ലേ .. താന്‍ പെറ്റ മക്കള്‍ തന്നോളം ആയാല്‍ താനെന്നു വിളിക്കണം , എന്ന് ചിന്തിച്ചാല്‍ മക്കള് ശാപവും മാതാപിതാക്കള്‍ ഭാരവും ആകില്ല ..

പിന്നെ ആണൊരുത്തന്റെ നെഞ്ചില്‍ അബലയായ് ചായാന്‍ പറ്റാത്തതിന്റെ ചൊരുക്ക് ആണ് ഈ പറഞ്ഞ ഫ്രസ്ട്രേഷന്‍ എങ്കില്‍ ,തനിക്കു താനും പുരയ്ക്കു തൂണും എന്ന് വച്ച് നീങ്ങുന്ന പെണ്ണ് അബലയായി തീരുകയില്ലല്ലോ.. പെണ്ണിന് ചങ്കുറ്റമാണ് ആഭരണം..