വാപ്പയെ അവസാനമായി കാണാന്‍ പോലും സാധിച്ചില്ല, കലാഭവന്‍ നവാസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമൊക്കെയാണ് കലാഭവന്‍ നവാസ്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീന്‍ പരിപാടികളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടന്‍. അച്ഛനായ നടനും നാടക കലാകാരനുമായിരുന്ന അബൂബക്കറിന്റെ അഭിനയ ജീവിതത്തിന്റെ ചുവടുപിടിച്ചാണ് നവാസും സിനിമയില്‍ എത്തിയത്.പടം തരും പണം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുമുള്ള ഓര്‍മകള്‍ നവാസ് പങ്കുവെച്ചു.

നവാസിന്റെ വാക്കുകള്‍ ഇങ്ങനെ, പിതാവിന്റെ മരണത്തിന് ശേഷം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ലെന്ന് നവാസ് പറഞ്ഞു. ‘വാപ്പ എപ്പോഴും പറയും പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയില്‍ നമ്മള്‍ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്. പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മള്‍ ശോഭിക്കുക. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാന്‍ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലായിരുന്നു വാപ്പ മരിക്കുമ്പോള്‍ ഞാന്‍. വേദിയില്‍ വാപ്പയെ ഞാന്‍ അനുകരിച്ച് കൊണ്ടിരിക്കെ ഇവിടെ വാപ്പ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.’

‘ഷോ കഴിഞ്ഞ് ഞാന്‍ ബാക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എല്ലാവരുടെയും മുഖം വാടിയിരിക്കുന്നു. പ്രോഗ്രാം കുളമായിയെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീടാണ് അവര്‍ വാപ്പയുടെ കാര്യം പറഞ്ഞത്. വാപ്പയെ അവസാനമായി കാണാന്‍ എനിക്ക് സാധിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമായിരുന്നില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാന്‍ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്. വാപ്പ പറയുംമ്പോലെ ചിലപ്പോള്‍ ഏറ്റവും സങ്കടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും ഒരു കലാകാരന്. എല്ലാ ആഘോഷങ്ങളും നമുക്ക് ആഘോഷിക്കാന്‍ പറ്റണമെന്നില്ല. മരണം പോലുള്ള സാഹചര്യങ്ങളില്‍ ഓടിയെത്താനും കഴിഞ്ഞെന്ന് വരില്ല.’