നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിമരിച്ച മകൻ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കൻ

കണ്ണൂർ ഏച്ചൂർ വട്ടപ്പൊയിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചിരുന്നു. ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. മരിച്ച ഷാജി ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് മാനേജരാണ്.

പത്താംക്ലാസിൽ നല്ല മാർക്കോട് കൂടി പാസായി പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പു കൂടി നിൽക്കുകയായിരുന്നു ജോതിരാദിത്യ. പത്താംതരം കഴിഞ്ഞ സമയത്താണ് ജ്യോതിരാദിത്യ നീന്തൽ പഠിക്കാനായി ഈ കുളത്തിൽ പോകാൻ തുടങ്ങിയത്. എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിൽ ചേരുമ്പോൾ എക്‌സ്ട്രാ ഗ്രേസ് മാർക്ക് കിട്ടാൻ നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാങ്ങാട്ടു പറമ്പ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിലും പിണറായി സിമ്മിങ് പൂളിനുമായി ഈ സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനു മുന്നോടിയായിരുന്നു നീന്തൽ പരിശീലനം.

ചേലോറ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് നേടി പാസായ വിദ്യാർത്ഥിയായിരുന്നു ജ്യോതിരാദിത്യ. വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിക്കുന്നത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം തുടർന്ന് പുറത്തെടുക്കുകയാണ് ഉണ്ടായത്.

ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്ന് പറയപ്പെടുന്നു.