‘നീയൊന്നും ഒരു ചുക്കും ചെയ്യില്ല,’ മുഖ്യന് പ്രതിരോധ മതിൽ തീർക്കാൻ കൂടുതൽ ഫ്ലെക്സുകൾ വരും.

തിരുവനന്തപുരം/ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് നേർക്ക് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതി തലസ്ഥാനത്തെ തെരുവോരങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സുകൾ ഒക്കെയും പാഴ്വേലയായി.

തലസ്ഥാനത്തെ തെരുവോരങ്ങളിൽ പാർട്ടി ജില്ലാ കമ്മറ്റി ഉയർത്തിയ ഫ്ലെക്സുകൾ പോരായെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാടാണ്. ഇതിനാൽ കൂടുതൽ ഫ്ലെക്സുകൾ സംസ്ഥാനത്ത ജില്ലാ ആസ്ഥാനങ്ങളിൽ കൂടി സ്ഥാപിക്കാനുള്ള നീക്കം നടക്കുകയാണ്. ജില്ലാ കമ്മിറ്റികൾ ഇതിനായി ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകി വരുകയാണ്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി, വിവിധ ലോക്കൽ കമ്മിറ്റികൾ, സിപിഎം പോഷകസംഘടനകൾ തുടങ്ങിയവയുടെ പേരിലാണ് ഫ്ലെക്സുകൾ തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നത്. കൂടുതൽ ഫ്ലെക്സുകൾ വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കെ ജില്ലാ കമ്മിറ്റി നിർദേശിക്കുന്ന പ്രചാരണ വാചകങ്ങൾ ഉൾപ്പെടുത്തി പരമാവധി ഫ്ലെക്സുകൾ സ്ഥാപിക്കാനാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും മറ്റും ഇത്തരത്തിൽ സ്ഥാപിച്ച ഫ്ലെക്സുകളിലെ വാചകങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ചില പ്രതിപക്ഷാംഗങ്ങൾ സർക്കാരിനെതിരെ ഉയർത്തിയിരുന്നത്.

ഇനി സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകൾ ഏകീകൃത രൂപത്തിലും സ്വഭാവത്തിലും ഉള്ളതാവണമെന്നാണ് ജില്ലാ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. ഫ്ലെക്സിൽ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോകൾ ഏതാവണമെന്നും പ്രത്യേക നിർദേശം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് ഫ്ലെക്സുകളിൽ ഉപയോഗിക്കേണ്ടത്. രണ്ടു വാചകങ്ങളാണ് പ്രചാരണത്തിനുള്ള ഫ്ലക്സിൽ പ്രധാനമായും ഉപയോഗിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്നത്. ‘രാഷ്ട്രീയ സൂര്യ തേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര’, ‘ഇല്ലാ..തകർക്കാൻ പറ്റില്ല ഈ ചൈതന്യത്തെ’,എന്നിവയാണ് പ്രചാരണ വാചകങ്ങളിൽ മുഖ്യം. ‘മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ…,’ ‘ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടുമുള്ളത്. അവിടെ തന്നെയാണ് ഞാൻ നിൽക്കുന്നത്.’ എന്നിവയാണ് മറ്റു പരസ്യ വാചകങ്ങൾ.

തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രധാന പ്രദേശങ്ങളിൽ ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റികൾക്ക് ഫ്ലെക്സുകൾ സ്ഥാപിക്കാൻ ക്വാട്ട പ്രത്യേകമായി നിശ്ചയിച്ചു നൽകുകയായിരുന്നു. ‘നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ്’ എന്ന വാചകം ഉള്ള ഫെക്സുകൾ സ്ഥാപിക്കുന്നതിനാണ് അണികൾക്ക് ഏറെ ഇഷ്ടം.

സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായപ്പോൾ പ്രാദേശിക വിഷയങ്ങള്‍ ഉയർത്തി സമരങ്ങൾ ശക്തിപ്പെടുത്താനും ലോക്കൽ കമ്മിറ്റികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. കൂടുതൽ ജനകീയ ഇടപെടൽ നടത്താനും ഭവന സന്ദർശനങ്ങൾ കാര്യക്ഷമമാക്കാനും നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പ്രതിരോധം ശക്തിപ്പെടുത്താൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുന്നത്.