ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ, എന്റെ മോനേ.. ജൈനേഷിന്റെ അമ്മയുടെ ചോദ്യം കണ്ണീര്‍ നോവായി

‘അഞ്ചു ദിവസം മുന്‍പു വരെ എന്നോടു സംസാരിച്ച എന്റെ മോനേ, ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ..എന്ന ‘ജൈനേഷിന്റെ അമ്മ സൗമിനിയുടെ ചോദ്യം കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.. മലേഷ്യയില്‍ ജോലിക്കായി പോയ ജൈനേഷ് കാറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഏത് ദുരന്തത്തിൽ മരിച്ചാലും അന്ത്യ യാത്രാമൊഴി അത് മരിച്ചയാളുടെ ഒരു പ്രിവിലേജും അതോടൊപ്പം മൃതദേഹ ബഹുമാനവും ആണ്‌. മാത്രമല്ല മൃതദേഹം കണ്ട് അന്ത്യാഞ്ജലി അർപ്പിച്ചാൽ അദ്ദേഹത്തിന്റെ നീറുന്ന ഓർമ്മകൾ കുറെ മൃതദേഹം കണ്ട് ഉപചാരം അർപ്പിക്കുന്നവരിൽ നിന്നും ഒഴിവാകുകയും മാനസീക സംഘർഷം കുറയ്ക്കാനും ആകും എന്നാണ്‌ മനശാസ്ത്രഞ്ജർ പോലും പറയുന്നത്. എന്നാൽ മരിച്ചയാളുടെ മൃതദേഹം കാണാതെ ഇരിക്കുന്ന ഒരാളേ ജീവിതം മുഴുവൻ ഓർമ്മകൾ നീറ്റലായി വേട്ടയാടും. ഇത്തരത്തിൽ ആർക്കും കാണാൻ പറ്റാത്ത വിധമായിരുന്നു കൊറോണ സംശയിച്ച് കണ്ണൂരിൽ ജൈനേഷിന്റെ മൃതദേഹം സംസ്കരിച്ചത് ആരുടെയും ചങ്ക് പൊള്ളിക്കും.

സൗമിനി കാലിനു പരുക്കേറ്റു കിടക്കുമ്പോഴാണു ജൈനേഷ് മലേഷ്യയിലേക്കു പോയത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും അമ്മയുടെ സുഖവിവരങ്ങള്‍ വിളിച്ച് അന്വേഷിക്കും. നല്ല ജോലി കിട്ടി നല്ല വീടുവച്ചു സന്തോഷമായി ജീവിക്കണമെന്ന് എപ്പോഴും ആഗ്രഹം പറയും. വീട് പണി പൂര്‍ത്തിയാക്കാനായി ഇറക്കിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക് അടുത്താണ് ജൈനേഷിനെ അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കിടത്തിയത്. പിന്നീട് സംസ്‌കാരവും.നാട്ടുകാർ അടുത്തേക്ക് വന്നില്ല, ബന്ധുക്കൾ മാറി നിന്ന് അന്ത്യാഞ്ജലി അർപ്പിച്ചു. അടുത്ത ബന്ധുക്കൾ പോലും നിശ്ചിത ദൂരെ നിന്ന് പാതി മാത്രം ജൈനേഷിന്റെ മുഖം കണ്ടു. അപ്പോഴും 2 പ്ളാസ്റ്റിക് കവറിനുള്ളിൽ ആയിരുന്നു ആ മുഖം. ഇത് എന്തൊരു രോഗമെന്നും ആർക്കും ഈശ്വരാ ഈ ഗതി വരുത്തല്ലേ എന്നും ദൂരെ മാറി നിന്നവർ അടക്കം പറഞ്ഞു.

മാരകവൈറസുകളെ ഭയപ്പെടാതെ ആദ്യാവസാനം വരെ നിന്നു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയതു നാട്ടുകാരായ യുവാക്കളായിരുന്നു. അപകട സാധ്യത മുന്നില്‍ കണ്ടു പലരും മടിച്ചു നിന്നപ്പോള്‍, മൃതദേഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ചുമതല ഇവര്‍ ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ആംബുലന്‍സില്‍ നിന്ന് ഇറക്കി പൊതുദര്‍ശനത്തിനു വച്ചതും തുടര്‍ന്നു വീട്ടിലേക്കും ശ്മശാനത്തിലേക്കും മൃതദേഹം എത്തിച്ചതും ഇവരായിരുന്നു. നാട്ടുകാരായ കൃപേഷ് കണിയേരി, ഒ.രമേശന്‍, ടി.കൃഷോബ്, വി.കെ.രാജീവന്‍, എം.അനുരാജ്, രാജേഷ് എന്നിവരാണ് സുരക്ഷാ വസ്ത്രം ധരിച്ചു സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വൈറസ് ഭീതിയുള്ളതിനാല്‍ പ്രിയപ്പെട്ടവര്‍ക്ക് ജൈനേഷിന് അന്ത്യചുംബനം പോലും നല്‍കാനായില്ല. അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കിയത് ഏറെ ദൂരെ നിന്നുകൊണ്ട്..

 

10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ആരേയും അടുത്തേക്കു വരാനോ തൊടാനോ അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അല്‍പം നീക്കി മുഖം മാത്രം പുറത്തു കാണിച്ചു. മൃതദേഹം വച്ച മേശയില്‍ നിന്നു 2 മീറ്റര്‍ അകലത്തില്‍ കസേരകള്‍ നിരത്തി അതിനു വെളിയിലൂടെയാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. അങ്ങനെ പരമാവധി കരുതല്‍ ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തി.

കൂടുതല്‍ പരിശോധന ഫലം വരാനുള്ളതിനാല്‍ 4 ദിവസം കൂടി ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്നാണ് പറഞ്ഞിരുന്നത്. അസുഖം മാറാന്‍ 4 ദിവസമല്ല, 4 ആഴ്ച വേണമെങ്കിലും കിടന്നോട്ടെ എന്നു പറയുമ്പോഴും മകന്‍ ഈ ലോകം വിട്ടു പോയത് സൗമിനി അറിഞ്ഞിരുന്നില്ല. ജൈനേഷ് ഏറെക്കാലം സെക്രട്ടറിയായ വെള്ളൂര്‍ നവശക്തി ക്ലബിന്റെ മുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.കൊറോണ ഇപ്പോൾ കേരളത്തിലേക്കും എന്ന ഭീതി ഉള്ളായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക. ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നിരിക്കുകയാണ്‌. അമേരിക്കയിലും, ഓസ്ട്രേലിയയിലും ആദ്യ മരണങ്ങൾ ഉണ്ടായി. ജർമ്മനി കൊറോണയുടെ പിടിയിലാണ്‌. ഇവിടെ ലോകത്തേ ഏറ്റവും വലിയ ടൂറിസം മേള മാറ്റി വയ്ച്ചു.വിമാനത്താവളം വഴി വരുന്നവരാണ്‌ കേരളത്തിൽ രോഗ വാഹകർ. അതിനാൽ തന്നെ യാഹ്റ്റ്രക്കാരെ വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന നടത്തുകയാണ്‌.