35 വര്‍ഷത്തെ വേര്‍പാടിന് ശേഷം അവര്‍ ഒന്നിച്ചു, 65-ാം വയസില്‍ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കി

പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഒന്നാണ് പ്രണയം. എന്നാല്‍ ഇതിനെ ഗൗരവത്തില്‍ എടുക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാല്‍ 65 വയസുള്ള ചിക്കണ്ണ താന്‍ ആദ്യമായി സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനായി കാത്തിരുന്നത് നീണ്ട 35 വര്‍ഷങ്ങളാണ്. ദീര്‍ഘനാളത്തെ വേര്‍പാടിന് ഒടുവില്‍ അവളെ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ് അദ്ദേഹം.

ഏവരെയും അമ്പരപ്പിച്ച് ഈ അപൂര്‍വ പ്രണയകഥ അരങ്ങേറിയത് കര്‍ണാടകയില്‍ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ബന്ധുവായ ജയമ്മയുമായി ചിക്കണ്ണ പ്രണയത്തിലായിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരനായ ചിക്കണ്ണയുമായുള്ള വിവാഹത്തിന് ജയമ്മയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. ഇതോടെ ജയമ്മയും മറ്റൊരാളുമായി വിവാഹം നടത്തുകയും ചെയ്തു.

ചിക്കണ്ണ അവിവാഹിതനായി തുടരുകയായിരുന്നു. സങ്കടം സഹിക്കാനാവാതെ വന്നതോടെ മൈസൂരിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് അദ്ദേഹം താമസം മാറി. കൂലി വേല തുടര്‍ന്നു പോന്നു. എന്നാല്‍ ജയമ്മയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ലെന്ന് ചിക്കണ്ണ ഉറപ്പിച്ചിരുന്നു. ഇവര്‍ പിന്നീട് പരസ്പരം കണ്ടിരുന്നില്ല. എന്നാല്‍ ഇരുവരും വിശേഷങ്ങള്‍ ഒക്കെ ബന്ധുക്കള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും അറിയുന്നുണ്ടായിരുന്നു.

ജയമ്മയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു മകന്‍ പിറന്നതിന് പിന്നാലെ ഭര്‍ത്താവ് ജയമ്മയെ ഉപേക്ഷിച്ചു. ഇക്കാര്യങ്ങള്‍ ചിക്കണ്ണ അറിഞ്ഞു. ഇതോടെ പാതിവഴിയില്‍ കൈവിട്ടു പോയ പ്രണയത്തെ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് ക്ഷണിച്ചു. ഒടുവില്‍ ഇരുവരും ജീവിതത്തില്‍ ഒരുമിച്ചു. 55കാരിയായ ജയമ്മയെ മെല്‍കോട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ചിക്കണ്ണ താലി ചാര്‍ത്തി. ജീവിതത്തിന്റെ അവസാന സമയങ്ങള്‍ ഒരുമിച്ച് ജീവിച്ച് തീര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.-വിവാഹ ശേഷം ഇരുവരും പറഞ്ഞു.

ജയമ്മയുടെ മകന് 25 വയസായി. ഗതാഗത വകുപ്പിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അമ്മ വിവാഹിതയായ വിവരം മകന് അറയില്ല. അടുത്ത വര്‍ഷം മകന്റെ വിവാഹം നടക്കും. അതിന് ശേഷമേ തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയൂ എന്ന് ചിക്കണ്ണ പറഞ്ഞു. മാത്രമല്ല ജയമ്മയുടെ മകനെ സ്വന്തം മകനായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ചിക്കണ്ണയുടെ നാല് ബന്ധുക്കള്‍ പങ്കെടുത്തിരുന്നു