ക്രൈം നന്ദകുമാറിനെ കുടുക്കിയത് മുഹമ്മദ് റിയാസിലേക്കുള്ള അധികാര കൈമാറ്റം സുഗമമാക്കാന്‍, എല്ലാം തിരക്കഥ

മന്ത്രി വീണാ ജോര്‍ജിനെ അപമാനിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ പോലീസ് സമര്‍പ്പിക്കും. വീണ്ടും നന്ദകുമാര്‍ പോലീസ് കസ്റ്റഡിയില്‍ കിട്ടാനായി പോലീസ് കോടതിയെ സമീപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് നന്ദകുമാര്‍ ചെയ്ത കുറ്റം എന്തെന്ന് ഉള്ളതാണ്. മന്ത്രി വീണ ജോര്‍ജുമായി ബന്ധപ്പെട്ട മോശമായ ഒരു ക്ലിപ്പിങ് തന്റെ കൈവശം ഇല്ല എന്ന് വീണയുടെ അയല്‍വാസിയായ ഒരാള്‍ അയച്ച കത്തിന് മറുപടി നല്‍കിയതാണ്. വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പരാതി നല്‍കിയത്, വീണയില്‍ നിന്നും പോലീസ് പരാതി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ നിരന്തരമായി അഴിമതി ആരോപണങ്ങള്‍ ആരോപിച്ച് കുഴക്കിയയാളായിരുന്നു ക്രൈം നന്ദകുമാര്‍. മുഖ്യമന്ത്രിയുടെ മരുമകനായി എത്തും മുമ്പേ മന്ത്രി മുഹമ്മദ് റിയാസ് നന്ദകുമാറുമായി വലിയ പോരാട്ടങ്ങള്‍ നടത്തിയയാളാണ്. ക്രൈമിന്റെ കോഴിക്കോട് ഓഫീസ് തീവെച്ചും അടിച്ചും തകര്‍ത്തത് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു.

കേരളത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പല കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീക്കും ലഭിക്കാത്ത പരിഗണനയാണ് വീണയുടെ കേസിലുള്ളത്. മന്ത്രി എന്ന അധികാരവും പോലീസിനെയും ഉപയോഗപ്പെടുത്തി കേസെടുക്കുകയും പ്രതിസ്ഥാനത്തുള്ള നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിടുകയും കസ്റ്റഡി ആപ്ലിക്കേഷന്‍ നല്‍കുകയും തെളിവെടുപ്പിനായി എന്ന് പറഞ്ഞ് പലയിടത്തും കൊണ്ടുപോവുകയും ചെയ്യുന്നു. മാത്രമല്ല ഓഫീസുകള്‍ തകര്‍ക്കുകയും മെമ്മറി കാര്‍ഡ് അടക്കമുള്ളത് എടുത്തുകൊണ്ട് പോവുകയും ചെയ്യുന്നു. ഇതില്‍ നിന്നൊക്കെ ഇതൊരു വേട്ടയാടല്‍ എന്നതാണെന്ന് വ്യക്തമാണ്. നാളുകളായി പിണറായി വിജയനെയും കുടുംബത്തെയും പല ആരോപണങ്ങളില്‍ കുടുക്കിയ വ്യക്തിയാണ് ക്രൈം നന്ദകുമാര്‍. അടുത്ത കാലത്തും അദ്ദേഹം പല ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലി തിരുവനന്തപുരത്ത് പണിയുന്ന ലുലു മാളിന് പിണറായിക്കും കുടുംബത്തിനും 1000 കോടിയുടെ നിക്ഷേപമുണ്ടെന്ന് നന്ദകുമാര്‍ ആരോപിച്ചിരുന്നു.

പിണറായിയുടെ 1000 കോടി നിക്ഷേപത്തില്‍ വലിയൊരു പങ്ക് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണെന്നും ഈ പണം വിദേശത്തും മറ്റ് അക്കൗണ്ടുകളിലും മറ്റും നിക്ഷേപിച്ചതായും ക്രൈം നന്ദകുമാര്‍ ആരോപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റില്‍ ഇത് സംബന്ധിച്ച് തെളിവുകളും സിഡികളും നന്ദകുമാര്‍ നല്‍കിയിരുന്നു. 27 മണിക്കൂറോളം നന്ദകുമാറില്‍ നിന്നു ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ അന്വേഷണം തുടരുകയാണ്. പിണറായിയില്‍ നിന്നും മരുമകന്‍ മുഹമ്മദ് റിയാസിലേക്ക് അധികാര കൈമാറ്റം നടത്തുക സുഗമമാക്കാന്‍ ക്രൈം നന്ദകുമാറിനെ തകര്‍ക്കുകയാണ് ലക്ഷ്യം. അദ്ദേഹത്തിന്റെ പക്കലുള്ള തെളിവുകള്‍ നശിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നന്ദകുമാറിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകയും കംപ്യൂട്ടര്‍ അടക്കമുള്ളവ പോലീസ് എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടറെ പോലീസ് പിടികൂടുകയും മണിക്കൂറുകളോളം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. നന്ദകുമാറിനെ പ്രനവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് വ്യക്തം.

നന്ദകുമാറിനെ കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കരുതെന്നതാണ് അവരുടെ തീരുമാനം. പൂട്ട് പൊളിച്ച് ഓഫീസില്‍ കടന്ന് കംപ്യൂട്ടര്‍, മെമ്മറി കാര്‍ഡ്, ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. തുടരെയുള്ള ആക്രമണമാണ് നടക്കുന്നത്. ഇന്ന് മന്ത്രിയായിട്ടുള്ള മുഹമ്മദ് റിയാസാണ് നാളുകള്‍ക്ക് മുമ്പ് നന്ദകുമാറിന്റെ ഓഫീസ് തകര്‍ത്തത്. ഇന്ന് ലാവ്‌ലിനുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തുകൊണ്ട് പോവുകയും കത്തിച്ചുകളയുകയും ചെയ്തു. നാളുകളായി പിണറായി കുടുംബവും നന്ദകുമാറുമായുള്ള പോരാട്ടം തുടരുകയാണ്. ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസവും നിരവധി സ്ത്രീകളുടെ പരാതികള്‍ ഉയരുകയും കെട്ടിക്കിടക്കുകയും ചെയ്യുമ്പോഴാണ് വീണാ ജോര്‍ജിനെ അപമാനിച്ചു എന്ന കേസില്‍ ഒരാളെ പിടിച്ചുകൊണ്ട് പോവുകയും ജയിലില്‍ അടയ്ക്കുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ആപ്ലിക്കേഷനുമൊക്കെ നടത്തിയത്.

ജയിലില്‍ നിന്നും പുറത്തെത്തുന്ന നന്ദകുമാര്‍ കൂടുതല്‍ അപകടകാരിയാകാനാണ് സാധ്യത. എന്നാല്‍ പുറത്തെത്തുന്ന നന്ദകുമാറിന് ഈ സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തനം സാധ്യമാകുമോ എന്നതും കണ്ടറിയേണ്ടതാണ്. തുടര്‍ന്നും പോലീസും സര്‍ക്കാരും വേട്ടയാടപ്പെടുമോ എന്ന സംശയവും ഉയരുന്നുണ്ട്.