കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുൻമന്ത്രി എസി മൊയ്ദീന്റെ വീട്ടിൽ ഇഡിയുടെ മിന്നൽ റെയ്ഡ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ അടക്കമുള്ളവരുടെ വീടുകളിൽ ഇഡി റെയ്ഡ്. രാവിലെ ഏഴ് മുതലാണ് ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്.

മൊയ്ദീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന നാലുപേരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഓഫീസുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എസി മൊയ്ദീന് നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന പരിശോധന.

ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലമായി ഇഡി വിശദമായ അന്വേഷണം നടത്തിവരികയാണ്. നിരവധി പേരെ ചോദ്യം ചെയ്തു.മൊയ്തീനെതിരെ ചില ജീവനക്കാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.

തട്ടിപ്പിൽ എ സി മൊയ്തീന് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇ ഡി. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സി പി എം ഭരിക്കുന്ന ബാങ്കാണിത്.