കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം, പ്രിൻസിപ്പളിനെ സ്ഥാനത്തുനിന്ന് നീക്കി, വിശാഖിനെതിരെ ക്രിമിനല്‍ കുറ്റത്തിന് പോലീസില്‍ പരാതി നൽകും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രൊഫസർ ജി ജെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി. ഷൈജു സർവകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കേരള സർവകലാശാല വി സി ഡോ. മോഹൻ കുന്നമ്മേൽ പ്രതികരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിയുടെ പേര് വെട്ടി എസ് എഫ് ഐ മുൻ ഏരിയാ സെക്രട്ടറി ആൾമാറാട്ടം നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു.

ഇതോടെ ഷൈജുവിനെ അദ്ധ്യാപക സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ശുപാർശ ചെയ്യും. സർവകലാശാലയെ കബളിപ്പിച്ചതിന് പൊലീസിൽ പരാതി നൽകും. ആൾമാറാട്ടം നടത്തിയ യു യു സി വിശാഖിനെതിരെയും പരാതി കൊടുക്കും. തിരഞ്ഞെടുപ്പ് ചെലവുകൾ ഷൈജുവിൽ നിന്ന് ഈടാക്കും. പരീക്ഷ അടക്കമുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യും.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജിൽ നിന്നും അയച്ച യു യു സി ലിസ്റ്റ് പരിശോധിക്കും. മുതിർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പരിശോധിക്കും. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നതിന് സർവകലാശാലയ്ക്ക് പരിമിതിയുണ്ട്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്നുതന്നെ ഫലം സർവകലാശാലയെ അറിയിക്കണം. കാട്ടാക്കട കോളേജ് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. യു യു സി ലിസ്റ്റ് ഒരാഴ്‌ചക്കകം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി സി വ്യക്തമാക്കി.