കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏക എംഎല്‍എമാരുള്ള പ്രധാന ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണ് മന്ത്രിപദവി വെച്ചുമാറിയത്. ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകള്‍ ഗണേഷ് കുമാറിനും അഹമ്മദ് ദേവര്‍കോവില്‍ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിച്ചേക്കും.

കടന്നപ്പള്ളി കഴിഞ്ഞ എല്‍എഡിഎഫ് മന്ത്രിസഭയിലും തുറമുഖ വകുപ്പാണ് കൈകാര്യം ചെയ്തത്. അതേസമയം ഗണേഷ് കുമാര്‍ സിനിമ വകുപ്പുകൂടെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.