കേരളത്തിലെ കൃഷി മന്ത്രിയ്‌ക്ക് തന്റെ വകുപ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ല, വിമർശനവുമായി കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി

കോഴിക്കോട്. കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. കാർഷിക മേഖലയുടെ ഉന്നമനത്തിനായുളള എല്ലാ പദ്ധതികളിലും കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാൽ കേന്ദ്രത്തിന് മുന്നിൽ ഈ പണം വിനിയോഗിച്ചോ കർഷകർക്ക് ഗുണം ചെയ്‌തോ എന്ന് പ്രോജക്ട് റിപ്പോർട്ട് നൽകാൻ കേരളം തയ്യാറാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ അനാവശ്യമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കേരളത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യ പരിഗണനയാണ് നൽകുന്നത്.

കർഷകർ കേരളസർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് കാരണം മറ്റുളളവരല്ല, നിങ്ങൾ തന്നെയാണ്. കേരളത്തിലെ കൃഷി മന്ത്രിയ്‌ക്ക് തന്റെ വകുപ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും മന്ത്രി വിമർശിച്ചു. കാര്യങ്ങൾ പഠിച്ചതിന് ശേഷം കേരള സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാണ്. പക്ഷേ ചർച്ചകൾക്ക് തയ്യാറാക്കാത്തത് കേരളമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.