സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത. 10-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതെസമയം നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.