സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്ഥാനത്ത് 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

∙ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

∙ വീട്ടു വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.