ഉപേക്ഷിച്ച ഭാഗ്യം തേടിയെത്തി, സമ്മാനമില്ലെന്ന് കരുതി കുപ്പത്തൊട്ടിയില്‍ എറിഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

പുലാമന്തോള്‍: ഭാഗ്യങ്ങള്‍ പലപ്പോഴും പലര്‍ക്കും പല വിധത്തിലാണ് കൈ വരുന്നത്. എന്നാല്‍ കട്ടുപ്പാറ സ്വദേശി കുറുവക്കുന്നന്‍ ജാഫര്‍ എന്ന 46കാരന് ലഭിച്ച ഭാഗ്യം അല്‍പം വ്യത്യസ്തമാണ്. ഉപേക്ഷിച്ചു കളഞ്ഞ സൗഭാഗ്യം ജാഫറിനെ തേടിയെത്തുകയായിരുന്നു. സമ്മാനം ഒന്നും ഇല്ലെന്ന് കരുതി കുപ്പത്തൊയിയില്‍ എറിഞ്ഞ ലോട്ടറി ജാഫറിന് 75 ലക്ഷം രൂപ സമ്മാനിച്ചിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ 23ന് നടന്ന നറുക്കെടുപ്പിലെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ജാഫറിന് ലഭിച്ചത്.

പൊതുവെ ആറ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുകയാണ് ജാഫറിന്റെ രീതി. നറുക്കെടുപ്പിന് പിന്നാലെ 5000 രൂപമുതല്‍ താഴേക്കുള്ള ചെറിയ സമ്മാന തുകകളുമായി ഒത്ത് നോക്കിയെങ്കിലും ലോട്ടറി ടിക്കറ്റ് നമ്പറുകള്‍ ഇല്ലെന്ന് ജാഫറിന് വ്യക്തമായി. തുടര്‍ന്ന് വീട്ടിലെ കുപ്പത്തൊട്ടിയില്‍ ലോട്ടറി ടിക്കറ്റുകള്‍ ജാഫര്‍ ഉപേക്ഷിച്ചു. ഇതിനിടെയാണ് പുലാമന്തോളില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തി കുപ്പത്തൊട്ടിയില്‍ നിന്നും ടിക്കറ്റ് എടുത്ത് വീണ്ടും പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചുവെന്ന് തിരിച്ചറിഞ്ഞത്.

പലയിടങ്ങളില്‍ നിന്നും ആറ് ടിക്കറ്റ് വീതം സ്ഥിരമായി എടുക്കുകയാണ് ജാഫറിന്റെ രീതി. ഒരു വര്‍ഷം മുമ്പ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ജാഫറിനെ തേടിയെത്തിയിരുന്നു. പിന്നീട് പലതവണ 5,000 വരെ കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ സമ്മാനം ഒന്നുമില്ലെന്ന് കരുതി കത്തിച്ചുകളഞ്ഞ മൂന്ന് ടിക്കറ്റുകള്‍ക്ക് 1000 രൂപ വീതം സമ്മാനമുണ്ടെന്ന് പിന്നീട് മനസിലാക്കിയ സംഭവവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റ് പുലാമന്തോളിലെ കട്ടുപ്പാറ ബാങ്ക് ശാഖയിലേല്‍പിച്ചു. കട്ടുപ്പാറയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ് ജാഫര്‍. ഭാര്യയും 3 മക്കളുമുണ്ട്. നിലവില്‍ സഹോദരനും 3 സഹോദരിമാര്‍ക്കുമൊപ്പം തറവാട്ടു വീട്ടിലാണ് താമസം. കുറച്ച് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം.