‘കേരള സ്റ്റോറി കഥ സാങ്കല്‍പികം അല്ല യാഥാര്‍ത്ഥ്യം തന്നെ’, സിനിമക്ക് മുമ്പ് സാങ്കല്‍പിക കഥ എന്ന് എഴുതി കാണിക്കാന്‍ ആവില്ലെന്നു നിർമ്മാതാവ് സുപ്രീംകോടതിയില്‍

ന്യൂഡൽഹി . ദ കേരള സ്റ്റോറി യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയിൽ. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കവേ ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നും അതിനാല്‍ അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഒരു സമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിനു വേണ്ടി സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് എഴുതി കാണിക്കണമെന്ന് ഗ്രോവര്‍ മറുപടി നല്‍കി. ഇത് സാങ്കല്‍പിക കഥയാണെന്ന് സിനിമയ്ക്ക് മുമ്പായി എഴുതി കാണിക്കാന്‍ സാധിക്കില്ല. ആവശ്യം അംഗീകരിക്കാനാകില്ലെന്ന കാര്യം ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതിയോട് ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഹരീഷ് സാല്‍വെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെ ടുത്തി. ഇതോടെ ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി പറഞ്ഞു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനാല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്താല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.