ഗോവയിലെ മദ്യ ഉല്‍പാദനത്തെക്കുറിച്ച് പഠിക്കാന്‍ കേരളം, രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയയ്ക്കും

തിരുവനന്തപുരം. മദ്യ ഉല്‍പാദനത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഗോവയ്ക്ക് പോകുന്നു. ഇത് സംബന്ധിച്ച അനുമതി എക്‌സൈസ് വകുപ്പ് നല്‍കി. കേരളത്തില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥരെ അയയ്ക്കുവനാണ് തീരുമാനം. ഗോവയില്‍ എത്തുന്ന സംഘം വിപണന സാധ്യതകള്‍. ചെലവു കുറച്ച് മദ്യം നിര്‍മിക്കല്‍, ഉല്‍പാദന രീതി എന്നിവയെക്കുറിച്ചായിരിക്കും പഠിക്കുക. നികുതി വകുപ്പ് ഗോവയിലെ മദ്യ ഉത്പാദനത്തെക്കുറിച്ച് പഠിക്കുന്ന അഭിപ്രായം എക്‌സൈസ് വകുപ്പിനോട് ചോദിച്ചിരുന്നു.

നികുതി വകുപ്പ് ഡിസ്റ്റലറി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. ഉദ്യോഗസ്ഥ സംഘത്തെ ഗോവയിലേക്ക് അയയ്ക്കുന്ന കാര്യമായതിനാല്‍ മന്ത്രിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അതേസമയം നികുതി വകുപ്പിന്റെ യോഗത്തില്‍ ഗോവയിലെ മദ്യനയം വിനോദ സഞ്ചാരത്തിന് കരുത്ത് പകരുന്നതായി ഡിസ്റ്റലറി ഉടമകള്‍ പറഞ്ഞിരുന്നു.

അതേസമയം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൈക്രോ ബ്രൂവറികളെ കുറിച്ച് പഠിക്കുവാന്‍ ഉദ്യോഗസ്ഥരെ ബെംഗളൂരുവില്‍ അയച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ അത് അവസാനിപ്പിച്ചു. ബ്രൂവറി സ്ഥാപിക്കുവാന്‍ പല കമ്പനികളും സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല.