75 ലക്ഷം സമ്മാനമായി ലഭിച്ചപ്പോഴും ഗോവിന്ദന് പറയാനതേയുള്ളു, പൊന്നുമക്കളുടെ ജീവന് പകരമാവില്ലല്ലോ ഏത് വലിയ ഭാഗ്യവും

കാഞ്ഞാങ്ങാട്:പൊന്നുമക്കളോടു കൂടെയുള്ള ജീവിതത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് കരുതുന്നവരാണ് ഏവരും.മക്കളുടെ ജീവന് തുല്യമാവില്ല മറ്റെന്ത് ലഭിച്ചാലും.കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലോട്ടറിയടിച്ചത് രണ്ട മക്കളുടെ മരണത്തില്‍ മനംനൊന്ത് ജീവിക്കുന്ന ഗോവിന്ദന് ആയിരുന്നു.അദ്ദേഹത്തിനും മറുത്തൊന്ന് പറയാനില്ല,മക്കളുടെ വേര്‍പാടിന്റെ വേദന എന്നും അദ്ദേഹത്തിന്റെയും ഭാര്യ ഉഷയുടെയും ഉള്ളിലുണ്ട്.അസുഖത്തെ തുടര്‍ന്ന് ഇവരുടെ മൂന്ന് മക്കളില്‍ രണ്ട് പേരും മരിച്ചിരുന്നു.മകള്‍ ജിജിയും മകന്‍ ജിജേഷുമാണ് മരിച്ചത്.

ജിജിയുടെയും ജിജേഷിന്റെയും മരണം സംഭവിച്ചത് 25 വയസായപ്പോഴായിരുന്നു.എന്നാല്‍ ഇരുവര്‍ക്കും എന്താണ് അസുഖം എന്ന് ഡോക്ടര്‍മാര്‍ക്കും കണ്ടെത്താന്‍ സാധിച്ചതുമില്ല.ബി എ ചരിത്രത്തില്‍ ഒന്നാം റാങ്ക് ആയിരുന്നു ജിജേഷിന്.ജിജി എന്‍ജീനിയറിങ് ബിരുദധാരി ആയിരുന്നു.അസുഖം കൂടി ഇരുവരും കിടപ്പിലായി.കേരളത്തിലും ഇതര സംസ്ഥാനങ്ങലിലും ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും കാര്യമുണ്ടായില്ല.

നേരത്തെ ഇവരുടെ വാര്‍ത്ത പത്രത്തില്‍ എത്തിയപ്പോള്‍ പലയിടത്തുനിന്നും സഹായം എത്തി.ഒരു ദിവസം മക്കളെയുമായി വെല്ലൂരിലേക്ക് പോയപ്പോള്‍ ആംബുലന്‍സ് ചിലവ് തൃശ്ശൂരില്‍ നിന്നുമുള്ള ഒരാള്‍ കാല്‍ ലക്ഷം രൂപ അയച്ചു തന്നത് അദ്ദേഹത്തിന് ഒരിക്കലും ഗോവിന്ദന് മറക്കാനാവില്ല.കാഞ്ഞങ്ങാട് കോട്ടച്ചേരി-രാംനഗര്‍ റോഡിലെ ശരണ ജൂവലറിയിലെ സ്വര്‍ണപ്പണിക്കാരനാണ് പൊള്ളക്കട ജിഷ നിവാസിലെ പിസി ഗോവിന്ദന്‍.

തിങ്കളാഴ്ച നറുക്കെടുത്ത വിവിന്‍ ഭാഗ്യക്കുറിയുടെ ഡബ്ല്യു എച്ച് 732140 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.രണ്ട് പതിറ്റാണ്ടായി കാഞ്ഞങ്ങാട്ട് വില്‍പ്പന നടത്തുന്ന ലോട്ടറി ഏജന്റ് നീലേശ്വരം കോയമ്പുറത്തെ കളത്തില്‍ ദീവാകരനനില്‍ നിന്നുമാണ് ഗോവിന്ദന്‍ ലോട്ടറി വാങ്ങിയത്.കടയില്‍ എത്തിയ ദിവാകരന്‍ ഒരു ടിക്കറ്റ് നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നു.മേലാങ്കോട് സ്വദേശിയായ പിവി ചന്ദ്രന്‍ നടത്തുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മണികണ്ഠ ലോട്ടറി സ്റ്റാളില്‍ നിന്നുമായിരുന്നു ദിവാകരന്‍ ചില്ലറ വില്‍പനയ്ക്കായി ലോട്ടറി എടുത്തിരുന്നത്.