സർജറിക്ക് വിധേയയായി ആശുപത്രി കിടക്കയിൽ നിന്ന് ഖുശ്ബു

ന്യൂഡൽഹി. ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ ശസ്ത്രക്രിയക്ക് വിധേയയായി. കോക്‌സിക്സ് ബോൺ സർജറിക്കാണ് താരം വിധേയയായിരിക്കുന്നത്. ഖുശ്ബുവിന്റെ ട്വിറ്ററിൽ, ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് കൊണ്ട് അവർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ഞാൻ കുറച്ച് ദിവസം മുമ്പ് കോക്‌സിക്സ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായി. ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി. നിലവിൽ സുഖം പ്രാപിച്ച് വരുന്നുണ്ട്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തും’ താരം ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം ആരാധകർക്ക് ദസറ, വിജയ ദശ്മി ആശംസകളും താരം നേർന്നിട്ടുണ്ട്. കുറിപ്പ് പങ്കിട്ടതിന് പിന്നാലെ നിരവധി ആരാധകരാണ് ഖുശ്ബുവിന് പ്രാർത്ഥനകളുമായി എത്തിയിട്ടുണ്ട്.

ബാലതാരമായി 1980 കളിൽ ഖുശ്ബു അഭിനയ ജീവിതം ആരംഭിച്ചത്. തോടിസി ബേവഫായി എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യം അഭിനയിച്ചത് . 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. 2020 ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു ബിജെപിയിൽ ചേർന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി കത്ത് നൽകിയതിന് പിന്നാലെ കേന്ദ്ര മന്ത്രിയായ സി.ടി. രവിയിൽ നിന്ന് അവർ അംഗത്വമെടുക്കുകയായിരുന്നു.