റോസാ പുഷ്പങ്ങൾ മാത്രം പോരല്ലോ, കല്ലേറും വേണം- അഹാനക്ക് പിന്തുണയുമായി കൃഷ്ണകുമാർ

അഹാനക്കു നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ അറ്റാക്കിൽ പ്രതികരണവുമായി അച്ഛൻ കൃഷ്ണകുമാർ. മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ അവരവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച് അവർക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദർഭങ്ങളിൽ അവരുടെ സഹായം ഞാൻ തേടാറുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. തികച്ചും പോസിറ്റീവായാണ് ഈ ചർച്ചകളെ കാണുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ബൾബ് പ്രകാശിക്കണമെങ്കിൽ പോസിറ്റീവും നെഗറ്റീവും വേണം. രണ്ടും ഒരുപോലെ എടുത്താൽ മതി. കൊടുങ്കാറ്റുണ്ടാകുമ്പോൾ അത് മറികടന്ന് മുന്നോട്ട് പോവണം. എന്നാലേ കൂടുതൽ കരുത്ത് ലഭിക്കുകയുള്ളൂവെന്നും കൃഷ്ണകുമാർ പറയുന്നു

മക്കൾ ഓരോരുത്തർക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടിൽ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാൾ പറയുമ്പോൾ മാത്രം വിവാദമാകുക. മറ്റുചിലർ പറയുമ്പോൾ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മൾ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തിൽ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങൾ മാത്രം പോരല്ലോ. ജീവിതം പഠിക്കാൻ അതും ആവശ്യമാണ്. മക്കൾ കൂടുതൽ കരുത്തുള്ളവരാകാൻ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാർ പറയുന്നു

മക്കളുടെ പേരിട്ടത് ഭാര്യ സിന്ധുവാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ‘ഹസീന, സുലു എന്നീ രണ്ട് അടുത്ത സുഹൃത്തുക്കൾ സിന്ധുവിനുണ്ട്. അവരുടെ മക്കളുടെ പേരുകൾ ‘അ’യിൽ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് ‘അ’ കൂട്ടി പേരിടണമെന്നത് അവളുടെ നിർബന്ധമായിരുന്നു. അങ്ങനെ അഹാന എന്നു പേരിട്ടു.’–കൃഷ്ണകുമാർ പറഞ്ഞു