കെ.എം ബഷീർ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കും

ഡൽഹി : കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും കോടതി വിലയിരുത്തി.

രഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി തള്ളിയത്. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം.

വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെ ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.