സംസ്ഥാന ബജറ്റിൽ മാജിക് പ്രതീക്ഷിക്കേണ്ട- ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചാകും ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളാകും ബജറ്റിൽ ഉണ്ടാകുകയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ നികുതി വർദ്ധിപ്പിച്ചേക്കുമെന്നുള്ള സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. ഫീസും നികുതികളും സംസ്ഥാന സർക്കാരിന്റെ ധനാഗമ മാർഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്നാണ് ബാലഗോപാലന്റെ നിലപാട്. അതുകൊണ്ട് തന്നെ നിലവിലെ കിഫ്ബി പദ്ധതികൾ തുടരുന്നതല്ലാതെ പുതിയ പദ്ധതി പ്രഖ്യാപനമൊന്നും സംസ്ഥാന ബജറ്റിൽ ഉണ്ടാവില്ലെന്നാണ് സൂചന.

അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്റെ ബജറ്റിൽ കിഫ്ബി വഴിയുള്ള പദ്ധതികൾ അവതരിപ്പിച്ചത്. മൂന്ന് വർഷം കൊണ്ട് പദ്ധതികൾക്ക് അനുമതി നൽകിയെങ്കിലും കിഫ്ബി വഴി സമാഹരിക്കാൻ കഴിഞ്ഞത് 30,000 കോടി മാത്രമാണ്. 12.5 ശതമാനം പലിശ കൊടുക്കുന്ന മസാല ബോണ്ടുകൾ ഉൾപ്പെടെ കടമെടുക്കലും,വിവിധ സെസുകൾ വഴി കിട്ടിയതുമെല്ലാം ചേർത്താണ് 30,000 കോടി ആയത്. ഇനിയും കിഫ്ബി വഴിയുള്ള പദ്ധതികൾ പ്രഖ്യാപിച്ചാൽ സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക് പോകുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ.