മന്ത്രി പി രാജീവിന്റെ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

കൊച്ചി : പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കും. ഭൂരിപക്ഷം ഉയരുമെന്ന് വ്യക്തമായതോടെ കള്ളപ്രചരണവുമായി എല്‍.ഡി.എഫ് ഇറങ്ങിയിരിക്കുകയാണ്. 2015-ല്‍ മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, രണ്ടാം ഘട്ടത്തില്‍ തൃക്കാക്കരയിലേക്കുള്ള എക്‌സ്റ്റന്‍ഷന്‍ ആലോചിച്ചു.

എന്നാല്‍ ആറു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സില്‍വര്‍ ലൈനിന് എതിരായി കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെട്ട യു.ഡി.എഫ് എം.പിമാര്‍ തൃക്കാക്കര എക്സ്റ്റന്‍ഷനെ പറ്റി സംസാരിച്ചില്ലെന്നാണ് മന്ത്രി പി രാജീവ് ഇന്ന് മറുപടിയായി പറഞ്ഞത്.

മന്ത്രി രാജീവിനെ വെല്ലുവിളിക്കുന്നു. മിടുമിടുക്കന്‍മാരായ എം.പിമാരെയാണ് യു.ഡി.എഫ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിന്റെ എക്‌സ്റ്റന്‍ഷന്‍ വേണമെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. മന്ത്രി ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് ആരോപണം പിന്‍വലിക്കണം.

പാര്‍ലമെന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയിലും മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് നിരന്തരമായി എറണാകുളം എം.പി ആവശ്യപ്പെട്ടതിന്റെ രേഖകളും ഹാജരാക്കാം. കൊച്ചിയില്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴും എറണാകുളം എം.പി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.