31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

തിരുവനന്തപുരം: കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പരിശോധനകൾ തുടരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി അറിയിച്ചു.