ശബരിമല വിഷയം ; പാര്‍ട്ടി നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി ; കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിന് ശേഷം ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ നിലപാട് മാറ്റി. അത് കണക്കിലെടുത്ത് നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന പ്രായോഗിക നടപടി. ബാക്കി കാര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നു. വിശ്വാസികള്‍ക്കും അയ്യപ്പഭക്തര്‍ക്കും എതിരല്ല ഇടത് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തീരുമാനിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് കരുതിയവരുണ്ടെന്നും അവരില്‍ പലര്‍ക്കും സുപ്രീം കോടതി വിധിയുണ്ടെന്നു പോലും അറിയില്ലെന്നും ഭവന സന്ദര്‍ശനത്തിനിടെ മനസിലാക്കാന്‍ കഴിഞ്ഞെന്നും സിപിഎം നേതാവ് പി രാജീവും പറഞ്ഞിരുന്നു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്ന രീതിയില്‍ പ്രചരിച്ച ചില വാട്സ്ആപ്പ് സന്ദേശങ്ങളും ചിലര്‍ കാണിച്ചുതന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകള്‍ കേള്‍ക്കുമ്‌ബോള്‍ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിനും ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റുന്നതിനും കോണ്‍ഗ്രസിനേ കഴിയൂയെന്ന് കരുതി വോട്ടു ചെയ്ത പലരും പറ്റിയ അബദ്ധം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.