പ്രസവിച്ച ഉടന്‍ ആ കുഞ്ഞ് ജീവന്‍ ഇല്ലാതാക്കിയത് തന്റെ അവിഹിതം പുറത്തറിയാതിരിക്കാനെന്ന് അമ്മ

കോലഞ്ചേരി: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് ആ കുരുന്ന് ജീവന്‍ ഇല്ലാതാക്കിയത് അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ ആയിരുന്നു എന്ന് അമ്മ. കോലഞ്ചേരി തിരുവാണിയൂര്‍ പഴുക്കാമറ്റം ആറ്റിനീക്കര സ്‌കൂളിന് സമീപം താമസിക്കുന്ന ശാലിനി എന്ന 36കാരിയാണ് തന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ ഒരു ജീവന്‍ കവര്‍ന്നത്. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. നാല് മക്കളുടെ അമ്മയായ ശീലിനി കൂലിപ്പണി ചെയ്താണ് കുട്ടികളെ നോക്കിയിരുന്നത്. ഒരു മകള്‍ വിവാഹിതയുമാണ്.

മൂന്ന് ആണ്‍ കുട്ടികള്‍ക്ക് ഒപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് ശാലിനി കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാറില്ലായിരുന്നു. ഇതിനിടെയാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭിണിയായ വിവരം ശാലിനി ആരെയും അറിയിച്ചിരുന്നില്ല. ഗര്‍ഭിണിയായതിലെ നാണക്കേട് ഭയന്നാണ് പിഞ്ച് കുഞ്ഞിനെ ഇല്ലാതാക്കിയതെന്ന് ശാലിനി പോലീസിന് മൊഴി നല്‍കി.

എന്നാല്‍ കുഞ്ഞ് ചാപിള്ള ആയതിനാലാണ് പാറമടയില്‍ എറിഞ്ഞത് എന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് പ്രസവിച്ച ഉടന്‍ തന്നെ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിലേക്ക് എറിഞ്ഞെന്ന് മൊഴി മാറ്റി പറഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ ശാലിനി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുകയാണ്. പുത്തന്‍കുരിശ് പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കുഞ്ഞ് മുങ്ങിമരിച്ചതാണ്. ശ്വാസകോശത്തില്‍ വെള്ളവും ചെളിയും കയറിയാണ് മരണം സംഭവിച്ചത്.

പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് ശാലിനി പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പൊക്കിള്‍ക്കൊടി മുറിച്ച് മാറ്റിയശേഷം വായില്‍ തുണി തിരുകി രണ്ടു ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് 500 മീറ്റര്‍ അകലെയുള്ള പാറമടയിലെത്തി. കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി മടയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ശാലിനി ബുധനാഴ്ച രാവിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് മൂത്ത മകനാണ് കണ്ടത്. മകന്‍ പിതാവിനെ വിവരം അറിയിച്ചു. ഇയാള്‍ എത്തിയെങ്കിലും വീടിനുള്ളില്‍ കയറാന്‍ ശാലിനി സമ്മതിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവ് പഞ്ചായത്ത് അംഗത്തെയും അയല്‍ക്കാരെയും വിവരം അറിയിച്ചു. നാട്ടുകാര്‍ എത്തിയപ്പോഴും വീട്ടില്‍ കയറിയാല്‍ താന്‍ ജീവനൊടുക്കും എന്ന് ശാലിനി ഭീഷണിപ്പെടുത്തി. പുത്തന്‍കുരിശ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്തം വാര്‍ന്ന് അവശനിലയിലായ ഇവരെ ബലമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാ?റ്റി. ബുധനാഴ്ച വൈകിട്ട് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്.