ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, കുട്ടിയുടെ പിതാവിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, ഫോൺ കസ്റ്റഡിയിലെടുത്തു

കൊല്ലം. ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽനിന്നും ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ അച്ഛൻ. നഗരത്തിലെ ഫ്ലാറ്റിലാണു കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്.

ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. അടുത്തബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിശോധന അന്വേഷണത്തിന്റെ ഭാഗമായി എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലാംദിവസമായിട്ടും ഇതുവരെയും കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ വെട്ടിച്ച് പ്രതികള്‍ നടത്തിയ യാത്രകളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും വാഹനങ്ങള്‍ മാറിമാറി സഞ്ചരിച്ചതുമാണ് വെല്ലുവിളിയാകുന്നത്.

വ്യാഴാഴ്ച ആറുവയസ്സുകാരിയില്‍നിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തില്‍ രണ്ടുസ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് കുഞ്ഞ് നല്‍കിയ മൊഴി. ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവെച്ചിരുന്നത്. ആറുവയസ്സുകാരിയില്‍നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുസ്ത്രീകളുടെയും ഒരുപുരുഷന്റെയും പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ഇത് പോലീസ് പുറത്തുവിടും.

അതേസമയം ആറുവയസ്സുകാരി ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് സുരക്ഷയിലായിരുന്നു കുടുംബത്തിന്റെ മടക്കയാത്ര. തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്.