കൂടത്തായി തുടര്‍മരണങ്ങളുടെ ചുരുളഴിയുന്നു; ജോളിയുടെ മൊഴി ഞെട്ടിക്കുന്നത്

കോഴിക്കോട് കൂടത്തായിയില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച സുപ്രധാനമൊഴികള്‍ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആറുപേരെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ജോളി ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി രഞ്ജിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം .

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യവും സമാനസാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതേയും പങ്കാളികളായവരുടെ പട്ടിക തയ്യാറാക്കിയതിന് ശേഷമാണ് പോലീസ് കസ്റ്റഡിയിലേക്ക് കടന്നത്. കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കുറ്റസമ്മത മൊഴി ലഭിച്ചതോടെ പോലീസ് ജോളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള കണ്ടെത്തലും മരണ പരമ്പരക്ക് പിന്നാലെ സ്വത്ത് തട്ടിയെടുക്കാനുള്ള ഇവരുടെ നീക്കവും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ആറുപേരുടേയും മരണ സമയത്ത് ജോളി ഒപ്പമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.കേസില്‍ ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവുമുള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയിലാണ്.