കോട്ടയത്തെ പോസ്റ്റർ വിവാദം; എല്ലാവരും ഒറ്റക്കെട്ടാണെന്ന് രമേശ് ചെന്നിത്തല

കോട്ടയം. കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോവുന്നതെന്നും രമേശ് ചെന്നിത്തല. ഡിസിസി ഏറ്റവും ഗൗരവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതില്‍ അവരെ അഭിനന്ദിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവായി എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ചിത്രം ഒഴിവായത് സംബന്ധിച്ച് നാട്ടകം സുരേഷ് പ്രതികരിച്ചില്ല. കോട്ടയത്തെ കോണ്‍ഗ്രസില്‍ പോസ്റ്ററിന്റെ പേരിലുള്ള അടി രൂക്ഷമായി തുടരുകയാണ്. ബഫര്‍സോണ്‍ വിരുദ്ധ സമര പരിപാടിയുടെ പോസ്റ്ററില്‍നിന്നും ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി ഓഫിസ് സെക്രട്ടറി മര്‍ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനു കുമാറിനെ ലോഗോസ് ജംഗ്ഷനില്‍വച്ച് ലിബിന്‍ ഐസക്ക് മര്‍ദിച്ചതായാണ് പരാതി. മനുകുമാറിന്റെ പുറത്ത് കല്ലുകൊണ്ട് ഇടിയേറ്റ പാടുണ്ട്. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മനു. മനുകുമാറിനെതിരെ ലിബിന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.