കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്, അതിജീവിതയുടെ പരാതി ശരിവച്ച് സൂപ്രണ്ടിന്റെ മൊഴി

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വച്ച് പീഡനത്തിനിരയായെന്ന അതിജീവിതയുടെ പരാതി ശരിവെച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് എം പി ശ്രീജന്റെ മൊഴി. അതിജീവിത അബോധാവസ്ഥയിൽ അല്ലായിരുന്നുവെന്നും പീഡന പരാതി ഉയർന്നപ്പോൾ തന്നെ ഐ സി യുവിൽ നിന്ന് മാറ്റിയെന്നും അന്വേഷണസംഘത്തിന് നല്കിയ മൊഴിയിൽ പറയുന്നു.

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴി പുറത്തായത്. എന്നാൽ പീഡനം നടന്നിട്ടില്ലെന്നും അതിജീവിത അബോധാവസ്ഥയിൽ ആയിരുന്നുവെന്നുമാണ് അന്വേഷണം നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ കെ.വി പ്രീതി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പീഡനം നടന്നതായി ചീഫ് നഴ്‌സിംഗ് സ്റ്റാഫ് പറഞ്ഞതായും സൂപ്രണ്ടിന്റെ മൊഴിയിലുണ്ട്.

അതേസമയം പീഡനം നടന്നതായി അറിഞ്ഞിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഡോ. കെ.വി പ്രീതി, യൂണിറ്റ് ഹെഡ് എന്നിവരുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിജീവിതയുടെ പരാതിയിൽ മെഡിക്കൽ കോളേജ് എസിപി സുദർശൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.