കെ.എസ്.ഇ.ബിക്ക് 600 കോടി രൂപയുടെ പ്രവർത്തന ലാഭം

തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിലേറെയായി തുടർച്ചയായി നഷ്ടം നേരിട്ടു വന്ന കെ.എസ്.ഇ.ബിക്ക് 600 കോടി രൂപയുടെ പ്രവർത്തന ലാഭം. പ്രൊഫഷണൽ മികവും, സാങ്കേതിക മേന്മയുമാണ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തെ ഇത്രയും ലാഭത്തിലെത്തിച്ചത്. ചുമതലയേറ്റ് ഒരു വർഷത്തിനിടെ ജീവനക്കാരുടെ സംഘടനകളുമായി നിരന്തരം സംഘർഷവും വിവാദവും സൃഷ്ടിച്ചതായി ആരോപിക്കപ്പെട്ട വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും, കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോകിനും അഭിമാനിക്കാവുന്ന നേട്ടമാണിത്.

സംഭരണികളിലെ ജലം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും, ജലവൈദ്യുതി ഉത്പാദനം ആസൂത്രിതമാക്കാനും, മിച്ചമുള്ള വൈദ്യുതി പവർ എക്സചേഞ്ചിൽ സറണ്ടർ ചെയ്ത് വരുമാനമുണ്ടാക്കാനും കേന്ദ്രത്തിൽ നിന്ന് 800 കോടിയുടെ ഗ്രാന്റ് നേടിയെടുക്കാനും കഴിഞ്ഞതാണ് കെ.എസ്.ഇ.ബിയെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ചെയർമാൻ ബി. അശോക് പറഞ്ഞു.

സാധാരണ മഴക്കാലത്ത് 700 കോടിയൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംഭരിക്കാനാവുക. എന്നാൽ ഇക്കുറി അത് 900കോടി യൂണിറ്റ് വരെയുണ്ടാക്കാനുള്ള സംഭരണമാക്കി മാറ്റാനായി. ഇങ്ങനെ ഉദ്പാദിപ്പിച്ച വില കുറഞ്ഞ വൈദ്യുതി രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടായ കാലയളവിൽ വൻ വിലയ്ക്ക് വിറ്റും ,കേന്ദ്രഗ്രിഡിൽ നിന്ന് വില കുറഞ്ഞ വൈദ്യുതി വാങ്ങിയും ആയിരം കോടി രൂപ വരെ നേടാനായി. വിതരണനഷ്ടം കുറച്ചതും, ശരിയായ കുടിശിക പിരിവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതായും അശോക് പറഞ്ഞു.