വൈദ്യുതിഭവൻ വളയൽ സമരത്തിനു ബോർഡ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച വൈദ്യുതിഭവൻ വളയൽ സമരത്തിനു ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ, വിലക്കു ലംഘിച്ച് സമരം ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു. അച്ചടക്കനടപടി സ്വീകരിക്കുമെന്ന ചെയർമാന്റെ മുന്നറിയിപ്പു ലംഘിച്ച് പ്രവർത്തകർ യോഗം ചേരുമെന്നും വൈദ്യുതി ഭവന്റെ കവാടങ്ങളിൽ നിൽക്കുമെന്നും അവർ പറഞ്ഞു. ചെയർമാൻ ബി.അശോകും സംഘടനയും തമ്മിലുള്ള പോര് ഇതോടെ പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു വിശദീകരിച്ച ശേഷമാണ് അസോസിയേഷൻ സമരം നടത്തുന്നത്. സമരത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസിലാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നു തലസ്ഥാനത്തു തിരിച്ചെത്തുമെങ്കിലും സമരം തീർക്കാൻ ചർച്ച നടത്തുമെന്ന് ഉറപ്പില്ല. ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനോ ആരെയും തടയാനോ ഉദ്ദേശിക്കുന്നില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും അറിയിച്ചു.

മന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. അദ്ദേഹം തയാറായാൽ ചർച്ച നടത്തും. പ്രശ്നം തീർന്നില്ലെങ്കിൽ മേയ് 15നു നിസ്സഹകരണ സമരം ആരംഭിക്കും. അതിനിടെ, ബോർഡിലെ വർക്കർമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് മന്ത്രി ഇന്നു സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.