നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ മുന്നോട്ട് നീങ്ങി; ബ്രേക്ക് ചവിട്ടി നിര്‍ത്തി യുവതി

ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ട് നീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യുവതി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം. തുറൂര്‍ സ്വദേശി രേഷ്‌നയുടെ ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്.

സ്ത്രീകള്‍ ഉള്‍പ്പെടെ പത്തില്‍ കൂടുതല്‍ യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു രേഷ്‌ന ഇരുന്നത്. എന്നാല്‍ ബസില്‍ ഡ്രൈവര്‍ എത്തിയിരുന്നില്ലെന്ന് രേഷ്‌ന പറയുന്നു. പെട്ടന്നാണ് ബസ് മുന്നോട്ട് നീങ്ങിയത് സ്റ്റാന്റില്‍ അത്യാവശ്യം നല്ലതിരക്ക് ഉണ്ടായിരുന്നു.

ബസിലെ ആളുകള്‍ ബഹളം വെച്ചു. ഉടനെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടുകയായിരുന്നെന്ന് രേഷ്‌ന പറഞ്ഞു. പിന്നീട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ എത്തിയെന്നും രേഷ്‌ന സംഭവത്തെക്കുറിച്ച് പറഞ്ഞു.