ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങുന്നു, എല്ലാ സീറ്റിലും ഇരിക്കാം

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. എന്നാൽ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ യാത്ര ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ലയെന്നും പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.കോവിഡ് വ്യാപനം മൂലം യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കുറഞ്ഞു. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം നാളെ മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തിൽ നിന്നൊഴിയുന്നതായി കാണിച്ച് ഒൻപതിനായിരത്തോളം ബസുകൾ സർക്കാരിന് ജി ഫോം നൽകി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളിൽ നിരത്തിൽനിന്ന് പിൻമാറും.ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയിൽ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതൽ ബസുകൾ സർവീസ് നിർത്തുന്നത് എന്നാണ് സ്വകാര്യ ബസുടമകൾ അറിയിക്കുന്നത്.

ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമയം നീട്ടി നൽകുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബർ വരെ നീട്ടി നൽകാമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്.