വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം, വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി യുവഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. വ്യക്തമാക്കി.

പിന്നാലെ തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ഐ.എം.എ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിനെതിരെ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ ഡോക്ടർമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് പതിവ് വാർത്തയായി മാറിയിരിക്കുകയാണ്. ഇപ്പോളിതാ അതിനൊരു രക്തസാക്ഷികൂടി ആയിരിക്കുകയാണ്. കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഐ.എം.എ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ പൊതു മനസാക്ഷി ഈ കാര്യത്തിൽ ഉണരേണ്ടതുണ്ട്. നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം കേരളത്തിൽ സ്വീകാര്യമല്ല. സ്വസ്ഥമായി, സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ. കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉൾക്കൊണ്ട് സമരത്തെ കാണണം’- ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി പ്രതികരിച്ചു.

ആശുപത്രികളിൽ ഡോക്ടർമാർക്കെതിരേ അക്രമം വർധിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം മാർച്ചിൽ പണിമുടക്ക് നടത്തിയിരുന്നു.