പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന ഉപകരണം കാണാതായി

പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന ഉപകരണം കാണാതായി. കൊവിഡ് കാലത്ത് പരിയാരം മെഡിക്കല്‍ കോളജിന് ലഭിച്ച 40 കോടിയുടെ ചികിത്സാ ഉപകരണവും കോടികള്‍ വിലമതിക്കുന്ന മരുന്നുകളും അലക്ഷ്യമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഓപറേഷന്‍ തിയറ്ററില്‍ നിന്നും 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായത്. പരിയാരം മെഡിക്കല്‍ കോളേജിലെ പല ഉപകരണങ്ങളും മരുന്നുകളും തളിപ്പറമ്പ് CPM നിയന്ത്രണത്തിലുള്ള സഹകരണ ആസ്പത്രിയിലേക്ക് കടത്തുന്നതായി മുന്‍പും ആരോപണമുയര്‍ന്നിരുന്നു.

ആറാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററിലെ പുതുതായി വാങ്ങിയ ലാറന്‍ജോ സ്‌കോപ്പി എന്ന ഉപകരണമാണ് കാണാതായത്. അതിനിടെ, ഇവിടെ അനസ്തേഷ്യ റൂമിലെ അലമാരിയിലാണ് ഈ ഉപകരണം സൂക്ഷിച്ചിരുന്നത്.അലമാരയുടെ താക്കോല്‍ അവിടെ ഒരു ബോക്സിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്. ലാപ്ടോപ്പിന്റെ അത്ര വലുപ്പമുള്ള ഒരു ഉപകരണമാണ്. ഓപറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തിച്ചുവരുന്ന ആറാം നിലയില്‍ സിസിടിവിയില്ല. ഇതിനെക്കുറിച്ച് അറിവുള്ളവര്‍ മാത്രമേ ഈ ഉപകരണം കൊണ്ടുപോകാന്‍ സാധ്യതയുള്ളൂ.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ പരിയാരം പോലിസ് അന്വേഷണം നടത്തി വരുന്നുണ്ട്. കോടികള്‍ വിലമതിക്കുന്ന മരുന്നുകളും ചികിത്സാ ഉപകരണവും അലക്ഷ്യമായി ആശുപത്രി വരാന്തയിലാണ് അടുക്കിവച്ചത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദീകരണം തേടുകയും മരുന്നുകള്‍ പ്രത്യേക മുറിയില്‍ സൂക്ഷിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഉപകരണം കാണാതായിരിക്കുന്നത്.

അതിനിടെ, ചില ഡോക്ടര്‍മാര്‍ പരിയാരത്ത് ചികിത്സ നടത്താതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തുന്നതായും ആരോപണമുണ്ട്. കൊവിഡ് മൂലം പരിയാരത്ത് ബൈപാസ് സര്‍ജറി നിര്‍ത്തിവച്ചപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്തതായാണ് ആരോപണം…!