കൊ-വിൻ പോർട്ടൽ ഹാക്ക് ചെയ്‌തെന്ന വാദം അടിസ്ഥാനരഹിത൦; വിവരങ്ങൾ സുരക്ഷിതം: കേന്ദ്രം

കൊറോണ പ്രതിരോധ വാക്‌സിൻ രജിസ്‌ട്രേഷൻ പോർട്ടലായ കൊ-വിൻ ഹാക്ക് ചെയ്‌തെന്ന വാദം അടിസ്ഥാനരഹിതമെന്നു കേന്ദ്രം. സംഭവത്തിൽ അന്വേഷണം നടത്തിയെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊ-വിൻ പോർട്ടലിലെ വിവരങ്ങൾ ചോർന്നുവെന്ന വാദം വ്യാജമാണെന്ന് വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ എംപവേഡ് ഗ്രൂപ്പ് ചെയർമാൻ ഡോ. ആർ.എസ്. ശർമ്മ പറഞ്ഞു.

കൊ-വിൻ സൈറ്റിലെ വിവരങ്ങൾ ചോർത്തിയെന്നും, ഡാറ്റ വിൽപ്പന വെബ്‌സൈറ്റായ ഡാർക്ക് വെബിൽ ആളുകളുടെ വിശദാംശങ്ങൾ ലഭ്യമാണെന്ന വാദവുമായി ഹാക്കർ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.